
ഫാം പുനരധിവാസ മേഖലയിൽ കാട്ടാന വാഷ് കുടിച്ച് ബാരൽ ചവിട്ടി ഒടിച്ച നിലയിൽ
കേളകം: ആറളം ഫാം പുനരധിവാസ മേഖലയിൽ വ്യാജമദ്യം നിർമിക്കുന്നനായി സൂക്ഷിച്ച വാഷ് കാട്ടാന കുടിച്ചശേഷം ബാരൽ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് 7 ൽ താമസക്കാരെത്താത്ത കാടുപിടിച്ച സ്ഥലത്താണ് 200 ലിറ്റർ ശേഷിയുള്ള ബാരൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ബാരലിൽ കുടിച്ചതിന്റെ ബാക്കിയെന്ന നിലയിൽ വാഷും കണ്ടെത്തി. ഓടൻതോട് ബ്ലോക്ക് 7 താളിപ്പാറ റോഡിൽ 500 മീറ്ററോളം മാറി വനം വകുപ്പിന്റെ നൈറ്റ് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിലാണ് സംഭവം പെട്ടത്.
ആന വെള്ളം കുടിക്കുന്നതുപോലുള്ള ഒച്ച കേട്ടാണു ശ്രദ്ധിച്ചത്. അൽപ സമയം കഴിഞ്ഞു എന്തോ ചവിട്ടിപ്പൊളിക്കുന്ന ഒച്ചയും കേട്ടു. താമസക്കാർ ഇല്ലാത്തതും കാടുപിടിച്ചതുമായ പ്രദേശം ആയതിനാൽ വനപാലകർ ആ സമയം അങ്ങോട്ടു പോയില്ല. നേരം വെളുത്ത ശേഷം പോയി നോക്കിയപ്പോഴാണ് ബാരലിൽ സൂക്ഷിച്ച വാഷ് കുടിച്ചശേഷം പാത്രം തകർത്തതായി കണ്ടെത്തിയത്. എക്സൈസ് സംഘവും സ്ഥലത്ത് എത്തി.
ഫാമിൽ വ്യാജ വാറ്റ് കേന്ദ്രങ്ങൽ നേരത്തേയും കണ്ടെത്തിയിരുന്നു. കശുവണ്ടി സീസണായതിനാൽ കാടുമൂടിയതും ആൾ തമാസമില്ലാത വീടുകൾ കേന്ദ്രീകരിച്ചുമാണ് കശുമാങ്ങയും മറ്റും ഉപയോഗിച്ച് വ്യാജ വാറ്റ് നടത്തുന്നത്. വാഷിന്റെ മണം ആനകളെ വലിയതോതിൽ ആകർഷിക്കും. ഫാമിൽ നിന്നും തുരത്തുന്ന ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് തിരികെ പ്രവേശിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് കൂടിയാണിത്.