
വന്യജീവികളെ പ്രതിരോധിക്കാൻ രൂപകൽപന ചെയ്ത ഫാം ഗാർഡുമായി യുവ എൻജിനീയർമാരായ വി.വി. ജിഷോയ്, പി.വി. ശ്രീദേവ് എന്നിവർ
ആറളം ഫാം അധികൃതർക്കൊപ്പം
കേളകം: കടുവയായാലും കാട്ടാനയായാലും വിരണ്ടോടുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഫാം ഗാർഡ് എന്ന ഉപകരണം ആറളം ഫാമിൽ പരീക്ഷണ വിജയം കണ്ടതോടെ വന്യ ജീവി ശല്യം രൂക്ഷമായ മേഖലകളിലെ കർഷകർക്കും പ്രതീക്ഷയാകുന്നു. എൻജിനിയറിങ് ബിരുദധാരികളായ രണ്ട് യുവാക്കളുടെ കണ്ടുപിടുത്തമാണിത്. പി.വി.സി പൈപ്പിനുള്ളിൽ നിർമിച്ചിരിക്കുന്ന ഫാം ഗാർഡ് എന്ന ഉപകരണം വന്യജീവികളെ പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണെന്നാണ് ഫാം അധികൃതർ പറയുന്നത്.
വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഈ ഉപകരണത്തിലെ ലൈറ്റും പ്രകാശവും സ്വയ പ്രവർത്തിക്കുന്നതോടെ പന്നിയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഓടിപ്പോകും. രണ്ടാഴ്ചയായി ആറളം ഫാമിലെ അണുങ്ങോടുള്ള മാതൃ കൃഷിത്തോട്ടത്തിൽ ഉപകരണ പരീക്ഷണം വിജയകരമായി നടക്കുകയാണ്. രണ്ടുദിവസം മുമ്പ് ആറളം പുനരധിവാസ മേഖലയിൽ ആനകൾ ഏറ്റവും കൂടുതൽ ഇറങ്ങുന്ന കോട്ടപ്പാറ മേഖലയിൽ വനം വകുപ്പും ഫാം ഗാർഡ് വിജയകരമായി പരീക്ഷിച്ചു.
എൽ.ഇ.ഡി ലൈറ്റും വിവിധ രീതിയിലുള്ള ശബ്ദവും സെൻസർ ഉപയോഗിച്ച് പി.വി.സി പൈപ്പിനുള്ളിൽ പ്രവർത്തിക്കുന്ന ചെറിയൊരു ഉപകരണമാണ് ഫാം ഗാർഡ്. കണ്ടാൽ ചെറുതെങ്കിലും ശബ്ദം പുറപ്പെടുവിച്ചുതുടങ്ങിയാൽ എല്ലാവരും ഒന്ന് ഭയക്കും. കാതിലേക്ക് തുളച്ചുകയറുന്ന ഒരുതരം ശബ്ദമാണ് ഉപകരണം പുറപ്പെടുവിക്കുന്നത്. സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണം 14 മീറ്ററിനുള്ളിൽ എത്തുന്ന ഏതൊരു ചലിക്കുന്ന ഏത് വസ്തുവിനെയും തിരിച്ചറിഞ്ഞ് അലാറം മുഴക്കും.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന് ഒറ്റ ചാർജിങ്ങിൽ 15 മുതൽ 30 ദിവസം വരെ ചാർജ് നിൽക്കും. വന്യജീവി മാത്രമല്ല സെൻസറിന്റെ പരിധിയിൽ വരുന്ന എന്തിനെയും കണ്ടെത്തി മുന്നറിയിപ്പ് നൽകും . വീടുകളിൽ ഉൾപ്പെടെ ഒരു സുരക്ഷാ ഉപകാരണമായി ഫാം ഗാർഡ് ഉപയോഗിക്കാമെന്നാണ് നിർമാതാക്കൾ പറയുന്നത്.
ഫാം ഗാർഡിന്റെ മൂന്ന് മോഡലുകളാണ് നിലവിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മോഡൽ രാത്രികാലങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുക. മറ്റൊരു മോഡൽ രാത്രിയും പകലും പ്രവർത്തിക്കും.
മൂന്നാമത്തെ മോഡലാണ് ഏറ്റവും പുതിയത്. കാമറയുടെ സഹായത്തോടെ വന്യജീവികളെ തിരിച്ചറിഞ്ഞ ശേഷമാണ് ഇത്തരം ഉപകരണം പ്രവർത്തിക്കുക. ഒപ്പം മൃഗങ്ങളുടെ ഫോട്ടോ ഉൾപ്പെടെ മെയിൻ സെർവറിലേക്ക് അയച്ചുതരും. ആനക്കും പുലിക്കുമെല്ലാം വ്യത്യസ്ത ശബ്ദങ്ങളാണ് ഉപകരണം പുറപ്പെടുവിക്കുന്നത്. മലപ്പുറം സ്വദേശികളായ വി.വി. ജിഷോയ്, പി.വി. ശ്രീദേവ് എന്നിവരാണ് ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് പിന്നിൽ. 7000 രൂപ മുതലാണ് ഉപകരണത്തിന്റെ വില. പരീക്ഷണം പൂർണ വിജയമാണെന്ന് ഫാംസെക്യൂരിറ്റി ഓഫിസർ അടക്കമുള്ളവർ പറഞ്ഞു.