
ഈസ്റ്റ് പള്ളൂരിൽ പണി പൂർത്തിയാവാതെ കിടക്കുന്ന മാഹി-പള്ളൂർ ബൈപാസ് സർവിസ് റോഡ്
മാഹി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നേകാൽ വർഷം പിന്നിടുമ്പോഴും മുഴപ്പിലങ്ങാട്-മാഹി ബൈപാസ് സർവിസ് റോഡുകളിൽ ദുരിതയാത്ര. ബൈപാസിൽ നിന്ന് സർവിസ് റോഡുകളിലേക്ക് ഇറങ്ങുന്നതിനുള്ള മാർഗമറിയാതെ വലയുകയാണ് യാത്രക്കാർ. ബൈപാസ് പാതകളുടെ ഇരുവശങ്ങളിലും പുതിയ പെട്രോൾ പമ്പുകൾ തുറന്നതിനാൽ സർവിസ് റോഡിലൂടെ വലിയ ചരക്കു വാഹനങ്ങളടക്കം തലങ്ങും വിലങ്ങുമാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ബൈപാസിൽ ഏറെ അപകടം നടന്ന ഈസ്റ്റ് പള്ളൂർ ട്രാഫിക് സിഗ്നലിന്റെ വശത്ത് തലശ്ശേരി ഭാഗത്തേക്കുള്ള സർവിസ് റോഡിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
പൊടിമണ്ണും കുഴിയും നിറഞ്ഞ റോഡിൽ യാത്രക്കാർ മാത്രമല്ല പരിസരവാസികളും ദുരിതത്തിലാണ്. ഇതുവഴി വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ പ്രദേശവാസികളുടെ ഇരുചക്ര വാഹനങ്ങൾ പോലും പോകുന്നതിന് പ്രയാസമാണ് നിലവിലുള്ളത്. പള്ളൂർ സബ് സ്റ്റേഷൻ ഭാഗത്ത് നിന്ന് തലശേരി ഭാഗത്തേക്ക് അടിപ്പാതവഴി സർവിസ് റോഡിലേക്ക് പ്രവേശിക്കുന്ന കവലയിലെ റോഡ് പ്രവൃത്തിയും പൂർത്തിയായില്ല. കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിന്റെ പിൻഭാഗത്ത് വലിയ കുന്നിടിച്ചാണ് റോഡിന്റെ നിർമാണം നടത്തിയിരുന്നത്. ഇവിടെയും സർവിസ് റോഡ് നിർമാണം പൂർത്തിയായിട്ടില്ല. റോഡ് നിർമാണ പൂർത്തിയാകാത്തതിനാൽ ഏറെ പൊടി ശല്യമാണ്.
ഗതാഗത നിയന്ത്രണത്തിനായി പെട്രോൾ പമ്പുകളുടെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരാണ് സർവിസ് റോഡുകളിൽ വാഹനങ്ങൾക്ക് വഴികാട്ടികളാവുന്നത്. ഇവരാകട്ടെ സ്വന്തം പമ്പുകളിലേക്ക് ദിശ മാറ്റിയാണ് വാഹനങ്ങളെ വിടാറുള്ളത്. ഇപ്പോൾ ട്രാഫിക് ബൂത്തിൽ ഒരു പൊലീസുദ്യോഗസ്ഥനാണ് ചുമതലയിലുണ്ടാവുന്നത്. സർവിസ് റോഡുകളുടെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കിയില്ലെങ്കിൽ യാത്ര ചെയ്യുന്നതിന് ഭീമമായ ടോൾ തുക നൽകിയിട്ട് പോലും മതിയായ സേവനം കിട്ടുന്നില്ലെന്ന ആക്ഷേപമാണ് വാഹന ഉടമകളിൽ നിന്നുയരുന്നത്.