
കുനുമ്മലിൽ വയൽ മണ്ണിട്ട് നികത്തിയ നിലയിൽ
പാനൂർ: ചെണ്ടയാട് കുനുമ്മലിൽ ഏക്കർ കണക്കിന് വയൽ മണ്ണിട്ട് നികത്തുന്നു. ഒരാഴ്ചയിലധികമായി നിയമം കാറ്റിൽ പറത്തിയാണ് പട്ടാപ്പകൽ വയലുകൾ മണ്ണിട്ട് നികത്തുന്നത്. മണ്ണ് മാഫിയയാണ് ഇതിനാവശ്യമായ ഒത്താശ ചെയ്തുകൊടുക്കുന്നതെന്നാണ് പരാതി.
ഈ പ്രദേശത്ത് ശേഷിച്ച വയൽ ഭൂമിയാണ് കച്ചവടലാഭം ലക്ഷ്യംവെച്ച് മാഫിയയുടെ നേതൃത്വത്തിൽ മണ്ണിട്ട് നികത്തുന്നത്. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൗനസമ്മതവും നികത്തലിനുള്ളതായി ആക്ഷേപമുണ്ട്. വയൽ നികത്തുന്നതിനെതിരെ കർശന നിലപാടെടുക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കെയാണ് റോഡിന് സമീപത്തെ ഈ വയലുകൾ നികത്തുന്നത്.
കൂടാതെ ഈ വയലിന് സമീപത്തെ തോട് ഭാഗം നികത്തി മതിൽ കെട്ടിയതായി നാട്ടുകാർ പരാതിപ്പെടുന്നു. തോടിന്റെ പകുതി ഭാഗത്തുനിന്ന് മതിൽ കെട്ടിയിട്ടുണ്ട്. ദിവസങ്ങളോളം പരസ്യമായ നിയമലംഘനം നടന്നിട്ടും അറിഞ്ഞില്ലെന്നാണ് പുത്തൂർ വില്ലേജ് ഓഫിസർ പറയുന്നത്.
വയലിന് സമീപത്തെ റോഡിൽ ശക്തമായ മഴ പെയ്താൽ വെള്ളക്കെട്ട് സ്ഥിരം കാഴ്ചയാണ്. വയൽ നികത്തുന്നതോടെ ഈ ഭാഗം മുഴുവനായും വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്. പരാതിയായതോടെ വയൽ നികത്തിയവർക്ക് സ്റ്റോപ് മെമ്മോ നൽകിയതായും തുടർനടപടികൾക്കായി സബ് കലക്ടർക്ക് റിപ്പോർട്ട് കൈമാറിയതായും വില്ലേജ് ഓഫിസർ പറഞ്ഞു.