മുഴപ്പിലങ്ങാട്: ശോചനീയാവസ്ഥയിലായ മുഴപ്പിലങ്ങാട് കുളം ബസാറിലെ ധർമക്കുളം 2017ൽ മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 16 ലക്ഷം ചെലവഴിച്ച് നവീകരിച്ചെങ്കിലും അത് വേണ്ടത്ര പ്രയോജനപ്പെടുത്താനായില്ല. കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ പൊതുകിണറും പൊതുകുളവും നവീകരിക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് കുളം ബസാറിലെ ധർമക്കുളവും സർക്കാർ ചെലവിൽ നവീകരിച്ചത്.
മഴക്കാലത്ത് വെള്ളം നിറഞ്ഞാലും പൊതുജനങ്ങൾക്ക് കുളിക്കാനും അനുയോജ്യമല്ലാത്തത് കാരണം ആരും കുളത്തിലിറങ്ങാറില്ല. കുളം നിറയുന്ന അവസ്ഥയിൽ പുറത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇല്ലാത്തതും കുളിക്കുന്നതിന് തടസ്സമാകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. 2017ൽ 16 ലക്ഷം ചെലവിട്ടാണ് കുളം നവീകരിച്ചത്.
തുടർന്ന് പഞ്ചായത്തിന്റെ അനുമതിയോടെ സ്വകാര്യ വ്യക്തികളുടെ കൂട്ടായ്മയിൽ മത്സ്യകൃഷി ആരംഭിച്ചെങ്കിലും ആദ്യവർഷം തന്നെ അത് പരാജയപ്പെട്ടതോടെ അതും നിർത്തുകയായിരുന്നു. ജൂൺ മാസമായിട്ടും വലിയ തോതിൽ മഴ ലഭിക്കാതിരുന്നതോടെ കുളം വറ്റി വരണ്ടിരിക്കുകയാണ്.
കുളത്തിന്റെ നിലവിലെ ആഴം കുറച്ചു കൂടി കൂട്ടി ശാസ്ത്രീയമായി സംവിധാനിച്ചാലും വേണ്ട വിധത്തിൽ കുളത്തിനെ ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
75 വർഷത്തോളം പഴക്കമുള്ള ധർമക്കുളം വർഷങ്ങളോളം നാട്ടുകാർ ഉപയോഗപ്പെടുത്തിയിരുന്നു. കാല ക്രമേണ ജനവാസം കൂടുകയും ചുറ്റുമുള്ള വയൽ പ്രദേശമൊക്കെ മണ്ണിട്ട് നികത്തപ്പെടുകയും ചെയ്തതോടെ കുളത്തിന് പുറത്തേക്ക് പോകേണ്ട വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് കളം ഉപയോഗശൂന്യമായി മാറാനുള്ള പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.