Tue. Apr 1st, 2025

തളരാതെ മുന്നോട്ട്; തൊഴിലാളികളിലേക്ക് എത്താൻ 10 മീറ്റർ കൂടി- ഇന്ന് രക്ഷിക്കാമെന്ന് പ്രതീക്ഷ

തളരാതെ മുന്നോട്ട്; തൊഴിലാളികളിലേക്ക് എത്താൻ 10 മീറ്റർ കൂടി- ഇന്ന് രക്ഷിക്കാമെന്ന് പ്രതീക്ഷ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ഇന്ന് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാദൗത്യ സംഘം. തുരങ്കത്തിനുള്ളിലെ തൊഴിലാളികളുടെ സമീപത്തേക്ക് രക്ഷാ കുഴൽ തള്ളി നീക്കുന്ന ജോലി ഇന്നലെ വൈകിട്ട് നാലരക്ക് പുനരാരംഭിച്ചിരുന്നു. രണ്ടര മണിക്കൂർ കൊണ്ട് ഇത് ഒരുമീറ്റർ മുന്നോട്ട് നീങ്ങി. ഇതേ വേഗത്തിൽ നീങ്ങിയാൽ ഇന്ന് രാവിലെ തൊഴിലാളികളെ രക്ഷിക്കാൻ കഴിയും.

ഇടിഞ്ഞ ടണലിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ തൊഴിലാളികളുടെ സമീപം വരെ ആകെ പത്ത് മീറ്ററാണ് കുഴൽ നീക്കേണ്ടത്. വിശ്രമമില്ലാതെ ദൗത്യംസംഘം ഈ ശ്രമം തുടരുകയാണ്. തുടർച്ചയായുള്ള തിരിച്ചടികൾ തരണം ചെയ്‌താണ്‌ രക്ഷാപ്രവർത്തനം വിജയത്തോട് അടുക്കുന്നത്. കുഴലിൽ വെള്ളിയാഴ്‌ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിന് വീണ്ടും പ്രതീക്ഷയേകിയത്.

പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്‌ടങ്ങൾക്ക് ഇടയിലെ ഇരുമ്പും സ്‌റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ച് നീക്കം ചെയ്യാൻ തുടങ്ങി. മണിക്കൂറുകൾ അദ്ധ്വാനിച്ചു ഏതാനും ഭാഗത്തെ അവശിഷ്‌ടങ്ങൾ നീക്കിയ ശേഷം ഇവർ പുറത്തിറങ്ങി. തുടർന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്‌തമായി കുഴൽ അകത്തേക്ക് തള്ളി. വീണ്ടും രക്ഷാപ്രവർത്തകർ അകത്തു കയറി അവശിഷ്‌ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ട് നീക്കുന്നത്.

കൂടുതൽ തടസങ്ങൾ ഉണ്ടായില്ലെങ്കിൽ കുഴൽ സുഗമമായി തൊഴിലാളികളിലേക്ക് എത്തിക്കാം. അതുവഴി അവരെ പുറത്തുകൊണ്ടുവരാം. അതിനിടെ, മലയുടെ മുകളിൽ നിന്ന് താഴേക്ക് കുഴിച്ചിറങ്ങാനുള്ള ശ്രമവും തുടരുകയാണ്. ആകെയുള്ള 86 മീറ്ററിൽ ഇതുവരെ 50 മീറ്റർ കുഴിച്ചു. തുരങ്കത്തിലൂടെ കുഴൽ കടത്താനുള്ള ശ്രമം പരാജയപ്പെട്ടാൽ ഈ വഴിയിലൂടെ തൊഴിലാളികളിലേക്ക് എത്തുകയാണ് ലക്ഷ്യം. 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം 17ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!