Wed. May 8th, 2024

മഞ്ഞപ്പിത്തം: ആദിവാസി യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് പരാതി

By editor Dec10,2023 #kannur news
മഞ്ഞപ്പിത്തം: ആദിവാസി യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് പരാതി

ഇരിട്ടി (കണ്ണൂർ): അയ്യൻകുന്നിൽ ആദിവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ കൊട്ടുകപാറ ഐ.എച്ച്.ഡി.പി പട്ടികവർഗ കോളനിയിലെ രാജേഷാണ് (22) പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ചികിത്സ വൈകിയെന്നും കൃത്യമായി ലഭിച്ചില്ലെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

മൂന്നു ദിവസം മുമ്പ് ചികിത്സക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ രാജേഷിനെ അന്നുതന്നെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ 5.30ന് മരിച്ചു. മഞ്ഞപ്പിത്ത ബാധിതനായ യുവാവിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽനിന്ന് തുടർചികിത്സക്കായി പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചിട്ടും ആശുപത്രി അധികൃതർ വേണ്ട ചികിത്സ നൽകിയില്ലെന്ന് മാതാപിതാക്കളും സഹോദരിയും വാർഡ് മെംബർ ബീന റോജസും ആരോപിച്ചു.

സ്ഥലത്തെത്തിയ സണ്ണി ജോസഫ് എം.എൽ.എ രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ചശേഷം ആരോഗ്യമന്ത്രി വീണ ജോർജിനെ വിളിച്ച് കുടുംബത്തിന്റെ പരാതി അറിയിക്കുകയായിരുന്നു. മരിച്ച രാജേഷിന്റെ സഹോദരി ഫോണിലൂടെ മന്ത്രിയോട് പരാതി അറിയിച്ചതിനെ തുടർന്ന് ആശുപത്രിക്ക് വീഴ്ചപറ്റിയോയെന്ന് അന്വേഷിക്കാൻ മന്ത്രി ഉത്തരവിട്ടു.

അതേസമയം, ആശുപത്രിയിൽ എത്തിക്കുമ്പോൾത്തന്നെ രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്. മാസങ്ങൾക്കുമുമ്പ് ഇതേ കോളനിയിലെ മറ്റൊരു യുവാവ് പാമ്പുകടിയേറ്റ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചിരുന്നു.

ഉച്ചക്ക് 12.30ഓടെ വീട്ടിലെത്തിച്ച രാജേഷിന്റെ മൃതദേഹം കീഴ്പ്പള്ളി പുതിയങ്ങാടിയിലെത്തിച്ച് സംസ്കരിച്ചു. ഐ.എച്ച്.ഡി.പി കോളനിയിലെ സുശീല-രാജു ദമ്പതികളുടെ മകനാണ് രാജേഷ്. രാജി, രാഗേഷ് എന്നിവർ സഹോദരങ്ങളാണ്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!