മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസ് യാഥാർഥ്യമാവുന്നു. ഇനി പൂർത്തീകരിക്കാനുള്ളത് മാഹി -അഴിയൂർ റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തിയാണ്. 90 ശതമാനം നിർമാണവും കഴിഞ്ഞതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ബാലം പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്.
തുടർന്ന് എക്സ്പാൻഷൻ യോജിപ്പിച്ച് ടാറിങ് ജോലി തീർക്കണം. അവസാനഘട്ട മിനുക്കുപണി മാത്രമാണ് ഇനിയുള്ളത്. ഫെബ്രുവരി 10നുള്ളിൽ മാഹി റെയിൽവേ മേൽപാലം പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി ജീവനക്കാർ.
സൂചന ബോർഡുകൾ സ്ഥാപിച്ച; ടോൾ പ്ലാസ ഒരുങ്ങി
കൊളശ്ശേരിക്കും ബാലത്തിനുമിടയിൽ ടോൾ പ്ലാസ സ്ഥാപിച്ചു. ഫാസ്റ്റ് ടാഗ് സംവിധാനം വഴിയാണ് ടോൾ അടക്കേണ്ടത്. ഇതിനുള്ള കാമറയുൾപ്പെടെയുള്ളവ സ്ഥാപിക്കുന്ന പ്രവൃത്തിയും പെയിന്റിങ് ജോലിയുമാണ് പുരോഗമിക്കുന്നത്. ആറുവരി പാതയിലൂടെ എത്തുന്ന വാഹനങ്ങൾ ടോൾപ്ലാസയിലൂടെ രണ്ടു വരിയായി കടന്നുപോകണം. ഇത് ഗതാഗത തടസ്സമുണ്ടാക്കാൻ കാരണമാവുമോയെന്ന ആശങ്ക നാട്ടുകാർ പങ്കുവെച്ചു. താൽക്കാലികമായാണ് ഇവിടെയുള്ള ടോൾ പിരിവ് എന്നാണ് സൂചന.
കേന്ദ്ര സർക്കാർ നയമനുസരിച്ച് 60 കിലോമീറ്റർ ദൂരത്തിൽ ഒരിടത്തു മാത്രമേ ടോൾ ഈടാക്കാൻ കഴിയുകയുള്ളൂ. ദേശീയപാത 66ൽ തന്നെ നവീകരണം പൂർത്തിയാകുന്ന കല്ല്യാശ്ശേരിയിലും ടോൾപ്ലാസ തുറക്കുന്നതിനാലാണിത്. വടകരക്ക് സമീപം മുക്കാളിയിലും ടോൾ പിരിവുണ്ടാകും.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (എ.എൻ.പി.ആർ) കാമറകൾ ഉപയോഗിച്ച് ദേശീയ പാതയിലൂടെ സഞ്ചരിച്ച ദൂരത്തിന് മാത്രം തുക ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ടോൾ പ്ലാസയിൽ വെളിച്ചം ലഭിക്കുന്നതിനായി പാതയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഇരുഭാഗത്തുമുള്ള 80 ലൈറ്റുകൾക്ക് പുറമെ അടിപ്പാതകളിലും വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പാത ഒട്ടാകെ തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. അത് അവസാനഘട്ടത്തിൽ നടത്തുമെന്നാണ് സൂചന.
ഇ.കെ.കെ കമ്പനിയുടെ കരാറിൽ വൈദ്യുതീകരണമില്ല. റോഡുകൾ, അടിപ്പാതകൾ, പെയിന്റിങ്, മീഡിയൻ നിർമാണം, ക്രാഷ് ബാരിയർ എന്നിവയെല്ലാം നിർമിച്ചു കഴിഞ്ഞു. ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ലൈറ്റുകൾ കെൽട്രോൺ കമ്പനിയാണ് സ്ഥാപിച്ചത്. പ്രവൃത്തി മുഴുമിപ്പിക്കേണ്ട രണ്ടിടങ്ങളിലും മിഷിനറി വർക്കാണ് കൂടുതലുള്ളത്. മുഴപ്പിലങ്ങാട് ടോൾ ബുത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് മാഹി അഴിയൂർ ഗവ. എച്ച്.എസ്.എസ് സ്കൂൾ വരെ ദൂരത്തിലാണ് പാത. തലശ്ശേരി, മാഹി പട്ടണങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടാതെ മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിൽ 20 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം. പെരുമ്പാവൂരിലെ ഇ.കെ.കെ. കമ്പനിക്കാണ് നിർമാണച്ചുമതല.
പ്രവൃത്തി വിലയിരുത്തി സ്പീക്കർ
ഞായറാഴ്ച സ്പീക്കർ എ.എൻ. ഷംസീർ, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം മുഴപ്പിലങ്ങാട് മുതൽ മാഹി റെയിൽവേ മേൽപാലം വരെ പുതിയ പാതയിൽ സഞ്ചരിച്ച് പ്രവൃത്തി വിലയിരുത്തി. പാതയിൽ ചിലയിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചിരുന്നു. ഇതെല്ലാം നീക്കം ചെയ്താണ് സ്പീക്കറും സംഘവും ആറുവരി പാതയിലൂടെ സഞ്ചരിച്ചത്. തിരുവനന്തപുരം ജില്ലയിലെ മുക്കോല -കാരോട് ബൈപാസ് നിർമാണ പ്രവൃത്തിയും ഇതോടൊപ്പം പൂർത്തിയായിട്ടുണ്ട്. മാഹി ബൈപാസ്, കാരോട് ബൈപാസ് പാതകൾ ഒരേ ദിവസം ഗതാഗതത്തിന് തുറന്നു കൊടുത്തേക്കുമെന്നാണ് സൂചന. ബൈപാസ് ഉദ്ഘാടനം മുന്നിൽക്കണ്ട് സമീപകാലത്തെ മൂന്നാമത്തെ കേരള സന്ദർശത്തിനുള്ള തയാറെടുപ്പിലാണ് പ്രധാനമന്ത്രിയെന്ന് സൂചനയുണ്ട്.