
അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ വനാതിർത്തിയിൽ സൗരോർജ വേലി നിർമിക്കുന്നതിന് ജനകീയ കൂട്ടായ്മയിൽ കാടുകൾ വെട്ടിത്തെളിക്കുന്നു
ഇരിട്ടി: കൊട്ടിയൂർ വന്യജീവി സങ്കേത്തതോട് അതിരിടുന്ന അയ്യൻകുന്ന് പഞ്ചായത്തിൽ 20.5 കിലോമീറ്റർ സൗരോർജ വേലിയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ അതിർത്തി ഗ്രാമങ്ങളിലെ താമസക്കാരും കർഷകരും ആശങ്കയിൽ. ആറളം ഫാമിൽ നിന്നും തുരത്തുന്ന കാട്ടാനകൾ വനമേഖല വഴി അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലേക്കെത്തുന്ന സാഹചര്യത്തിലാണ് വേലി നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യം ശക്തമാകുന്നത്.
ഇപ്പോൾ ഫാം പുനരധിവാസ മേഖലയിൽ നിന്നുള്ള ആനകളെയാണ് വനത്തിലേക്ക് തുരത്തുന്നത്. തുരത്തൽ പ്രക്രിയ തുടങ്ങിയ ശേഷം 20ലധികം ആനകളെങ്കിലും വനമേഖലയിലേക്ക് കയറ്റിക്കഴിഞ്ഞു. ഇവ വീണ്ടും തിരികെ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വനംവകുപ്പ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ഫാമിന്റെ കൃഷിഭൂമിയിൽ താവളമാക്കിയ ആനകളെ കൂടി തുരത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഫാമിന്റെ കൃഷിയിടത്തിൽ 25ലധികം ആനകളുണ്ടെന്നാണ് ഫാം തൊഴിലാളികളും ജീവനക്കാരും പറയുന്നത്. ഇവയെക്കൂടി വനത്തിലേക്ക് തുരത്തുന്നതോടെ വനാതിർത്തി പഞ്ചായത്തുകളായ അയ്യൻകുന്നിലും പായം, ഉളിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിലും ആനശല്യം വർധിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.
കഴിഞ്ഞ ദിവസം കരിക്കോട്ടക്കരി ടൗണിന് സമീപത്ത് കാട്ടാനയെത്തി ഭീതി പരത്തിയിരുന്നു. വനാതിർത്തിയിൽ 20.5 കിലോമീറ്ററാണ് തൂക്ക് വേലി നിർമിക്കുന്നത്. പ്രധാനമന്ത്രി കൃഷി വികാസ് യോജന പദ്ധതിയിൽ നിന്നും വേലിക്കായി 1.75 കോടി രൂപയാണ് വിനിയോഗിക്കുന്നത്. പഞ്ചായത്തിന്റെ വനാതിർത്തി ഗ്രാമങ്ങളായ കച്ചേരിക്കടവ്, ആട്ടയോലി, ഏഴാംകടവ്, ആയാംകുടി, എടപ്പുഴ പ്രദേശങ്ങളെ സംരക്ഷിക്കും വിധമാണ് വേലി സ്ഥാപിക്കുന്നത്.
മേഖലയിൽ ഏക്കർകണക്കിന് കൃഷിയിടങ്ങൾ കാടു കയറിക്കിടക്കുകയാണ്. വർഷങ്ങളായി വെട്ടിത്തെളിക്കാതെ പ്രദേശങ്ങൾ കാടുമൂടി വനത്തിന് സമാനമായി നിൽക്കുകയാണ്. ഇത്തരം മേഖലകളിലാണ് കാട്ടാനകളുൾപ്പെടെ വന്യമൃഗങ്ങൾ താവളമാക്കുന്നത്. മേഖലയിൽ പുലിയുടേയും കടുവയുടേയും സാന്നിധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.