ശ്രീകണ്ഠപുരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 62.12 കോടി രൂപ ചെലവിലാണ് കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് 12 മീറ്റർ വീതിയിൽ നവീകരിച്ചത്. എന്നാൽ, 18 കി.മീറ്ററുള്ള റോഡിലൂടെ ഓടുന്നത് ഒരേയൊരു ബസാണ്. ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷമായെങ്കിലും ഇതുവഴി ബസുകൾ ഇല്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.
ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ പോകുന്ന റോഡ് 2018-ലാണ് നിർമാണം തുടങ്ങിയത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടര കി.മീറ്റർ നീളത്തിൽ റോഡ് ഉയർത്തിയും നടപ്പാതയും 40ഓളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും ഒരുക്കിയാണ് റോഡ് നവീകരിച്ചത്. മലയോര ഹൈവേയെയും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. ഉളിക്കലിൽനിന്ന് ശ്രീകണ്ഠപുരത്തെത്താനുള്ള തിരക്കൊഴിഞ്ഞ പാതയും ഇതാണ്. നിലവിൽ ഉച്ചക്ക് ഉളിക്കലിൽനിന്ന് ശ്രീകണ്ഠപുരത്തേക്ക് ഒരുബസ് മാത്രമാണ് സർവിസ് നടത്തുന്നത്. കാഞ്ഞിലേരി, വയക്കര, ബാലങ്കരി, മൊളൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദ്യാർഥികളടക്കമുള്ളവർ കണിയാർവയലിൽ വന്നാണ് ബസിൽ കയറുന്നത്. ഇരുചക്രവാഹനമുള്ളവർ കണിയാർ വയൽ വരെ അതിൽ വരുന്നു. മറ്റുള്ളവർ കാൽനടയായി വന്നു വേണം ബസ് കയറാൻ. കണിയാർ വയലിലെ റോഡരികിൽ ദിവസവും ബസ് കയറാനെത്തിയവരുടെ നിരവധി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്ത നിലയിൽ കാണാനാകും.
വീതിയുള്ള റോഡുണ്ടായിട്ടും ഉളിക്കലിൽനിന്ന് കണിയാർവയലിലേക്ക് ബസ് സർവിസ് മാത്രം നടക്കുന്നില്ല. ഉളിക്കലിൽനിന്ന് കണിയാർവയൽ മലപ്പട്ടം-മയ്യിൽ വഴി എളുപ്പത്തിൽ കണ്ണൂരിലും എത്താനാകും. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഉളിക്കലിൽനിന്ന് ജില്ല ആസ്ഥാനമായ കണ്ണൂരിലേക്കും താലൂക്ക് ആസ്ഥാനമായ തളിപ്പറമ്പിലേക്കും കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് കാഞ്ഞിലേരി പൊതുജന വായനശാല പൊതുയോഗം ആവശ്യപ്പെട്ടു.