മട്ടന്നൂര്‍: കണ്ണൂരിൽ നിന്നുള്ള അവസാന ഹജ്ജ് സംഘം തിങ്കളാഴ്ച പുലർച്ച പുറപ്പെടും. പുലര്‍ച്ച 1.55ന് സൗദി എയര്‍ലൈന്‍സിന്റെ വിമാനം പറന്നുയരുന്നതോടെ ഈ വര്‍ഷത്തെ കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റിലെ ഹജ്ജ് തീര്‍ഥാടന യാത്ര വിജയകരമായി സമാപിക്കും. ശനിയാഴ്ച വരെ 2890 തീർഥാടകരാണ് ക്യാമ്പിലെത്തിയത്. ഇതില്‍ 2528 പേര് മക്കയിലെത്തി. ഒരുകുഞ്ഞ് ഉള്‍പ്പെടെ 362 പേര് ഞായറാഴ്ച രാവിലെ 8.50ന് പുറപ്പെടും.
തിങ്കളാഴ്ച പുലര്‍ച്ച 1.55ന് പുറപ്പെടുന്ന അവസാന വിമാനത്തില്‍ 166 സ്ത്രീകള്‍ ഉള്‍പ്പെടെ 322 പേരാണ് യാത്രയാവുക. ശനിയാഴ്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, എം. വിജിന് എം.എല്‍.എ, മുന്‍ ഹജ്ജ് കമ്മിറ്റി മെംബര്‍ ശംസുദ്ധീന്‍ എന്നിവർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. തീര്‍ഥാടകരുടെ എട്ടാമത്തെ വിമാനത്തില്‍ അനുഗമിക്കുന്ന മുന്‍ ഹജ്ജ് ജില്ല ട്രൈനര്‍ പി.വി. അബ്ദുല്‍ ഗഫൂറിന് ഹജ്ജ് സെല്‍ യാത്രയയപ്പ് നല്കി.
ക്യാമ്പ് കണ്‍വീനര്‍ സി.കെ. സുബൈര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി മെംബര്‍ പി.പി. മുഹമ്മദ് റാഫി, സെല്‍ ഓഫിസര്‍ എസ്. നജീബ്, കണ്‍വീനര്‍ നിസാര്‍ അതിരകം, സൈനുദ്ദീന്‍ നീലേശ്വരം, സിറാജ് കാസര്‍കോട്, കെ.പി. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.