കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. മുഖ്യപ്രതികളിലൊരാളായ കൊടി സുനി ഒഴികെ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അഞ്ചു പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. കേസിലെ രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് പ്രതികളായ കിർമാണി മനോജ്, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് പരോൾ ലഭിച്ച് 10 ദിവസത്തേക്ക് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഹൈകോടതി ഉയർത്തിയിരുന്നു. പ്രതികൾക്ക് 20 വർഷത്തേക്ക് പരോളോ ശിക്ഷയിൽ ഇളവോ നൽകരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ ഉത്തരവ് മറികടന്നാണ് പരോൾ അനുവദിച്ചത്. എസ്. സിജിത്തിനെ ഒഴികെയുള്ള മറ്റു പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കിയാണ് കോടതി ഉയർത്തിയത്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. റെവലൂഷനറി മാർക്‌സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.