ഇരിട്ടി: മലയോര മണ്ണിൻെറ മണവും പച്ചപ്പും കുളിരും തെളിനീരുമെല്ലാം സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്. ഇതെല്ലാം വേണ്ടുവോളം മലയോര മേഖലയിൽ ഉണ്ടെങ്കിലും പ്രയോജനപ്പെടാതെ പോകുന്ന സാധ്യതകൾ ഉപയോഗിക്കുന്നതിനുള്ള ഇച്ഛാശക്തിയാണ് വിനോദ സഞ്ചാര സാധ്യത സെമിനാറിൽ ഉയർന്നുകേട്ടത്.
നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് എയർപോർട്ട് സിറ്റി ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇരിട്ടിയിൽ സ്വപ്ന ഭൂമിയുടെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടത്തിയത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ കൊട്ടിയൂർ മുതൽ പയ്യാവൂർ വരെയും മട്ടന്നൂർ നഗരസഭക്കിപ്പുറവുമുള്ള പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ ഏകോപിപ്പിച്ച് സമഗ്ര പ്ലാൻ തയാറാക്കാൻ ലക്ഷ്യമിട്ടായിരുന്നു സെമിനാർ.
അഭ്യന്തരസഞ്ചാരികളെ മലയോരത്തിന്റെ സ്വപ്നഭൂമിയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളും പ്രചാരണങ്ങളുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പഴശ്ശി പദ്ധതി പ്രദേശവും ജലാശയങ്ങളും കൊട്ടിയൂർ ഉൾപ്പെടെ മലയോരത്തെ പ്രധാന ആരാധനാലയങ്ങൾ, സഞ്ജീവനി ആയുർവേദ പാർക്ക്, അകംതുരുത്ത്, പഴശ്ശി പദ്ധതി പ്രദേശത്തെ പച്ചത്തുരുത്തുകൾ, പെരുമ്പറമ്പ് ഇക്കോപാർക്ക്, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതം, ബ്രിട്ടീഷുകാർ നിർമിച്ച ഇരിട്ടി, കൂട്ടുപുഴ പാലങ്ങൾ, ആറളം ഫാമും പുരധിവാസ മേഖലയും തുടങ്ങിയവ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ഇതിനെ പരിപോഷിപ്പിക്കാനുള്ള പദ്ധതികളും നിർ്ദേശങ്ങളുമാണ് സെമിനാറിൽ പങ്കുവെച്ചത്.
സണ്ണി ജോസഫ് എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി നഗരസഭ ചെയർമാൻ കെ. ശ്രീലത, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. രജനി, കെ.പി. രാജേഷ്, പി. ശ്രീമതി, ആന്റണി സെബാസ്റ്റ്യൻ, നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭ അംഗങ്ങളായ വി.പി. അബ്ദുൾ റഷീദ്, പി. രഘു, കെ. മുരളീധരൻ, ചേംബർ ഓഫ് കോമേഴ്സ് എയർപേർട്ട് സിറ്റി ചാപ്റ്റർ ചെയർമാൻ കെ.ടി. അനൂപ്, സെക്രട്ടറി പി.കെ. ജോസഫ്, എൻ.എം.സി.സി ഡയറക്ടർ ടി.ഡി. ജോസ് എന്നിവർ സംസാരിച്ചു.
ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻ ജയപ്രകാശ് പന്തക്ക കരടുരേഖ അവതരിപ്പിച്ചു. സമഗ്ര രൂപരേഖ എൻ.എം.സി.സി ഡയറക്ടർ ടി.ഡി. ജോസ് ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാറിന് കൈമാറി.