പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാനെത്തിയപ്പോൾ പീഡനത്തിനിരയായ യുവതിയെ നവ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്കും കണ്ണൂർ റൂറൽ പൊലീസ് മേധാവിക്കും പയ്യന്നൂർ ഡിവൈ.എസ്.പിക്കും പരാതി നൽകി 24 മണിക്കൂറുകൾക്കകം കേസെടുക്കുകയായിരുന്നു. പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ ദൃശ്യങ്ങൾ തിരിച്ചറിയും വിധത്തിൽ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തിനെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ച 12ഓടെയാണ് പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്, ഫിറ്റ്നസ് ആന്റ് ജിമ്മിൽ യുവതി തന്‍റെ പിതാവിനൊപ്പം ഫിസിയോതെറാപ്പി ചെയ്യാനെത്തിയത്. ഇവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിൽ എത്തിയ ശേഷം അമ്മയോട് സംഭവം പറയുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
തുടർന്ന് ആരോഗ്യ വെൽനസ് ക്ലിനിക് ഫിറ്റ്നസ് ആൻഡ് ജിം ഉടമ ശരത് നമ്പ്യാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്പെക്ടർ ജീവൻ ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതി ഇയാളെ റിമാൻഡു ചെയ്തു. ഇതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ കുടുംബത്തെയും സ്‌ത്രീത്വത്തെയും അപമാനിക്കുന്ന രീതിയിൽ പ്രചരണം നടക്കുന്നതായി കാണിച്ച് വ്യാഴാഴ്ച യുവതി പരാതി നൽകിയത്.
ക്ലിനിക്കിൽ നിന്നും യുവതിയും പിതാവും പുറത്തിറങ്ങുന്ന സി.സി. ടി.വി ദൃശ്യങ്ങൾ പോരാളി കോൺഗ്രസ് എന്ന ഫേസ് ബുക്ക് ഐഡിയിലൂടെയും അതിനെ വിലയിരുത്തിയും മറ്റും ചില നവമാധ്യമങ്ങളും പ്രചരണം നടത്തിയതായാണ് പരാതി .
ഇരക്ക് നീതി ലഭ്യമാക്കണം -മഹിള അസോസിയേഷൻ
പയ്യന്നൂർ: വെൽനെസ് സെന്ററിൽ പീഡനത്തിനിരയായ യുവതിക്ക് നീതി ലഭ്യമാക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നവമാധ്യമങ്ങളിലൂടെ ഇരയുടെ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കുകയാണ്. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് ചിലര്‍ പ്രചരിപ്പിച്ചത്. ഇരയുടെ വിവരങ്ങള്‍പോലും രഹസ്യമാക്കി വെക്കണമെന്ന കര്‍ശന നിയമമുള്ളപ്പോഴാണ് ഇരയുടെ ദൃശ്യംതന്നെ സ്ഥാപനവുമായി ബന്ധപ്പെട്ടവരിലൂടെ പുറത്തു പോയത്. കൂടാതെ ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധം പ്രതിയുടെ കൂട്ടാളികളും ചില സോഷ്യല്‍ മീഡിയകളും പ്രചരണം നടത്തുന്നുണ്ട്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇരക്ക് നീതി ലഭ്യമാക്കണമെന്നും ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.പി. ജ്യോതി, പി. ശ്യാമള, കെ.വി. ലളിത, വി.കെ. നിഷ എന്നിവർ സംസാരിച്ചു.