പാനൂർ: കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ഹോട്ടൽ തൊഴിലാളികളെ മറ്റൊരു ഹോട്ടലിലേക്ക് ജോലിക്കായി കൊണ്ടുപോകുന്നുവെന്നാരോച്ച് അതിഥി തൊഴിലാളിയെ ഹോട്ടൽ ഉടമയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു. സംഭവത്തിൽ മൂന്നുപേരെ കൂത്തുപറമ്പ് എ.സി.പിയുടെ ചുമതലയുള്ള കണ്ണൂർ അഡീ. എസ്.പി കെ.വി. വേണുഗോപാലിന്റെ നിർദേശപ്രകാരം പാനൂർ സി.ഐ പ്രദീപ്കുമാർ അറസ്റ്റ് ചെയ്തു.
പാനൂരിനടുത്ത് മാക്കൂൽപ്പീടികയിലെ ഇക്കാസ് ഹോട്ടൽ ഉടമ പാനൂർ ചൈതന്യയിലെ ചൈതന്യകുമാർ (37), തിരുവനന്തപുരം ഞാറയിൽക്കോണം ആമിന മൻസിലിൽ ബുഹാരി(41), മൊകേരി വായവളപ്പിൽ ഹൗസിൽ അഭിനവ് (26) എന്നിവരാണ് പിടിയിലായത്. നേപ്പാൾ ഘൂമി സ്വദേശി ബി. മോഹനെ (34) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശനിയാഴ്ച ഉച്ചയോടെ ഇവരെ അറസ്റ്റ് ചെയ്തത്.
മോഹൻ നേരത്തെ ഇക്കാസ് ഹോട്ടലിൽ തൊഴിലാളിയായിരുന്നു. ഒരാഴ്ച മുമ്പ് മറ്റൊരു തൊഴിലാളിക്കൊപ്പം ഈ ഹോട്ടലിലെ ജോലി മതിയാക്കി വേറൊരു ഹോട്ടലിൽ ജോലിക്ക് കയറി. അതിനുശേഷം രണ്ടുപേരെക്കൂടി ഇക്കാസ് ഹോട്ടലിൽനിന്ന് ഇയാൾ മറ്റൊരു ഹോട്ടലിലേക്ക് ജോലിക്ക് കൂട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനം.
നാലാം തീയതി മോഹനെ ഹോട്ടൽ ഉടമ ചൈതന്യകുമാർ വിളിച്ചുവരുത്തി. തുടർന്ന് ഇയാളുടെ അധീനതയിലുള്ള ഒരു മുറിയിൽ താമസിപ്പിച്ചതിനുശേഷം വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചവരെ ഈ സംഘം ക്രൂരമായി ആക്രമിച്ചു. തുടർന്ന് പുലർച്ചെ തലശ്ശേരി റെയിൽവേ സ്റ്റേഷനുസമീപം എത്തിച്ച് അടുത്ത വണ്ടിക്ക് സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി സംഘം മടങ്ങി. എഴുന്നേറ്റുനിൽക്കാൻപോലും ശേഷിയില്ലാതെ റോഡിൽ മോഹൻ കിടക്കുന്നതു കണ്ട് നാട്ടുകാർ വിവരം തലശ്ശേരി പൊലീസിൽ അറിയിച്ചു.
തുടർന്ന് പൊലീസെത്തി മോഹനെ തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നത് പാനൂരിലായതിനാൽ പാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പുലർച്ചതന്നെ സ്ഥലത്തെത്തിയ പാനൂർ സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തപ്പോഴാണ് ക്രൂരമായ മർദനത്തിന്റെ കഥ മോഹൻ വെളിപ്പെടുത്തിയത്. തുടർന്ന് അര മണിക്കൂറിനകം പൊലീസ് പ്രതികളെ പിടികൂടി. എസ്.ഐ രാംജിത്ത്, സി.പി.ഒമാരായ ശ്രീജിത്ത്, രതീഷ്, അനൂപ്, ഷിജിൻ എന്നിവരും പ്രതി കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മോഹനെ പരിയാരത്തേക്ക് മാറ്റി.