ശ്രീകണ്ഠപുരം: നഗരസഭ പരിധിയിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിഴ വീട്ടിലെത്തും. മാലിന്യം തള്ളുന്നത് കണ്ടെത്താൻ നഗരസഭയിലെ ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ ഒമ്പത് കാമറകളാണ് സ്ഥാപിച്ചത്. നേരത്തെ ശുചിത്വ കാമ്പയിനിന്റെ ഭാഗമായി 16 കാമറകൾ സ്ഥാപിച്ചിരുന്നു.
ഇതോടെ നഗരസഭയിലെ ഒറ്റപ്പെട്ട ഭാഗങ്ങളെല്ലാം കമറ വലയത്തിലേക്കു മാറുന്നതോടെ രാത്രി കാലങ്ങളിലും മറ്റും മാലിന്യം തള്ളുന്നവർ പിടിക്കപ്പെടും. നഗരസഭയുടെ പരിധിയിൽ പയ്യാവൂർ റോഡിൽ അമ്മക്കോട്ടം അമ്പലത്തിന്റെ പരിസരത്തും ഇരിട്ടി റോഡിൽ കോട്ടൂരിലും പെരുവളത്ത്പറമ്പ് പ്രദേശങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായിരുന്നു. ദുർഗന്ധം സഹിക്കാനാവാതെ നിരവധി പേർ പരാതിപ്പെട്ടതിനെ തുടർന്നാണ് കൂടുതൽ കാമറകൾ സ്ഥാപിച്ചത്.
കാമറയിലെ ദൃശ്യങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം നേരിട്ട് പരിശോധിക്കും. മാലിന്യം തള്ളുന്നവർക്ക് 50,000 രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കുന്ന ശിക്ഷ നടപടികൾക്ക് ശിപാർശ ചെയ്യുമെന്നും നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, സെക്രട്ടറി ടി.വി. നാരായണൻ, ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ എന്നിവർ അറിയിച്ചു.