തലശ്ശേരി: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങളുടെ നവീകരണ പ്രവൃത്തികൾ നടക്കുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ദുരിതത്തിൽ. ആവശ്യമായ ജീവനക്കാർ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച രാത്രി പത്തര മുതൽ ശനിയാഴ്ച രാവിലെ എട്ടുവരെ രണ്ടാം പ്ലാറ്റ് ഫോമിലെ ടിക്കറ്റ് കൗണ്ടർ തുറന്നില്ല. ഇതേത്തുടർന്ന് യാത്രക്കാർ ബഹളം വെച്ചു. ആർ.പി.എഫ് ഇടപെട്ടാണ് കുഴപ്പം ഒഴിവാക്കിയത്. രാത്രി ഷിഫ്റ്റിൽ ജോലിക്കെത്തേണ്ടയാൾ വന്നില്ല. പകരക്കാരനെ നിയോഗിച്ചതുമില്ല. ഇതാണ് ടിക്കറ്റ് വിതരണം മുടങ്ങാൻ കാരണം.
നിലവിൽ ഏഴുപേരുടെ ഒഴിവുണ്ട്. ഇപ്പോഴുള്ളവർ ഓവർ ടൈം ജോലി ചെയ്താണ് കുറവുനികത്തുന്നത്. ഇതിനിടയിൽ മറുനാട്ടുകാരായ ജിവനക്കാർക്ക് സേലത്തേക്കും മറ്റും സ്ഥലം മാറ്റമുണ്ട്. എന്നാൽ, പകരക്കാർ എത്താത്തതിനാൽ ഇവർക്ക് പോവാനാവുന്നില്ല. ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കാത്തതിനാൽ എ.ടി.ബി.എം സൗകര്യം ഉപയോഗിച്ചാണ് ചിലർ ടിക്കറ്റ് സംഘടിപ്പിച്ചത്. എസ്.ഐ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലെത്തിയ ആർ.പി.എഫാണ് യാത്രക്കാരെ സമാധാനിപ്പിച്ച് പകരം സംവിധാനം ലഭ്യമാക്കിയത്.