പയ്യന്നൂർ: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ വാഹനാപകടങ്ങൾക്ക് അറുതിയുണ്ടാവില്ലേ ?. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടുപേർക്ക്. ലോറി ബൈക്കിലിടിച്ചാണ് രണ്ടുപേരുടെയും ജീവൻ പൊലിഞ്ഞത്. ആദ്യം ഗൃഹനാഥനാണ് മരിച്ചതെങ്കിൽ ശനിയാഴ്ച പുലരുന്നതിനു മുമ്പ് നാട് കേട്ടത് ചെറുതാഴം അമ്പലം റോഡിലെ അപകടത്തിൽ 20 വയസ്സുള്ള വിദ്യാർഥിയുടെ മരണവാർത്തയാണ്.
പാതിവഴിയിൽ നിൽക്കുന്ന നിർമാണ പ്രവൃത്തിയാണ് ദേശീയപാതയെ കുരുതിക്കളമാക്കുന്നതെങ്കിൽ അശ്രദ്ധയാണ് മറ്റിടങ്ങളിലെ അപകടങ്ങൾക്ക് കാരണം. ചെറുപുഴയിൽ ടിപ്പർ ലോറി പിക്അ്പ് വാനിൽ ഇടിച്ച് വാൻ ഡ്രൈവർ മരിച്ചത് അശ്രദ്ധമൂലമായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ധർമശാലയിൽ വിദ്യാർഥി മരിച്ചതും ഏമ്പേറ്റിൽ ഉണ്ടായ അപകടങ്ങളിൽ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അമിതവേഗവും അശ്രദ്ധയുമാണ് കെ.എസ്.ടി.പി റോഡിലെ അപകടങ്ങൾക്ക് വില്ലനായത്.
കെണിയൊരുക്കി നിർമാണ പ്രവൃത്തി
ജില്ലയിൽ ദേശീയപാതയിലെ കുരുതിക്കു കാരണം അധികൃതരുടെ അനാസ്ഥയും. നിർമാണം നടക്കുന്ന പാതയിൽ അപകട മുന്നറിയിപ്പ് നൽകാൻ നിർമാണ കമ്പനികൾ നടപടിയെടുക്കാത്തതാണ് ദുരന്ത തീവ്രത കൂട്ടുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വിളയാങ്കോട് പാതയിലെ വെള്ളക്കുഴിയിൽ വീണ് തളിപ്പറമ്പ് സ്വദേശിയായ റിയാസ് മരിക്കാനിടയായത് അനാസ്ഥയുടെ ഉദാഹരണമാണ്. സർവിസ് റോഡിൽ പുതുതായി നിർമിച്ച കലുങ്കാണ് റിയാസിന്റെ മരണത്തിലെ വില്ലനായത്. കലുങ്കിന് വേണ്ടിയെടുത്ത കുഴിയിൽ കോൺക്രീറ്റിന് ശേഷമുള്ള ഭാഗം തുറന്നു കിടന്നതാണ് ബൈക്ക് വീഴാൻ കാരണം.
ഇതുവഴി ഗതാഗതം തടയുന്ന രീതിയിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കലുങ്കിന് ഏതാനും അകലെ ഗതാഗതം തിരിച്ചു വിട്ടിരുന്നെങ്കിലും ഇത് ശ്രദ്ധയിൽപ്പെടാത്തതാണ് റിയാസിന്റെ മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാത്രിയിൽ ഇരുചക്ര വാഹനങ്ങൾക്ക് മുന്നറിയിപ്പ് ബോർഡ് കാണാനാവില്ല. റോഡ് തിരിച്ചുവിടുന്ന സ്ഥലത്തുതന്നെ പാത പൂർണമായും അടച്ചിരുന്നെങ്കിൽ ജിവൻ രക്ഷിക്കാമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ പണിയെടുക്കുമ്പോൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്തതുമാണ് പാതയെ ദുരിതപാതയാക്കുന്നത്.
പലയിടത്തും വൻ കുഴികളാണ്. ചിലയിടത്ത് പാതയിലേക്ക് നീളുന്ന കമ്പികളും ഭീതി പരത്തുന്നു. മണ്ണിടിച്ചിലും പാതയിലെ വെള്ളക്കെട്ടുമാണ് മറ്റൊരു അപകടക്കെണി. കഴിഞ്ഞ ജനുവരിയിൽ ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ നാഷനൽ പെർമിറ്റ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തലനാരിഴക്കാണ് ദുരന്തം വഴി മാറിയത്. പിലാത്തറ ദേശീയ പാതയിൽ പീരക്കാംതടത്തിൽ പുലർച്ച ലോറി മറിഞ്ഞത്.
മൂവാറ്റുപുഴയിൽനിന്ന് മുംബൈയിലേക്ക് പൈനാപ്പിളുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എതിർദിശയിൽനിന്ന് ഇരുചക്രവാഹനം വന്നപ്പോൾ സൈഡ് കൊടുക്കാൻ വണ്ടി ഒതുക്കിയപ്പോഴാണ് ലോറി സർവിസ് റോഡിൽനിന്ന് പണി നടക്കുന്ന ദേശീയ പാതയിലേക്ക് മറിഞ്ഞത്. സർവിസ് റോഡിന്റെ വീതി കുറവ് അപകടങ്ങൾ നിത്യ സംഭവമാകാൻ കാരണമാവുന്നതായി നാട്ടുകാർ പറയുന്നു. കെ.എസ്.ടി.പി റോഡിൽ പരിക്കേറ്റവരിൽ കർണാടകത്തിൽ നിന്നുള്ള അയ്യപ്പഭക്തന്മാരും ഉൾപ്പെടുന്നു. മരണം വ്യാപകമാവുമ്പോഴും അത് കുറക്കാനുള്ള ഒരു നടപടിയും അധികൃതരിൽനിന്ന് ഉണ്ടാവുന്നില്ല.