
കടു മത്സ്യം; രജീഷ്
തലശ്ശേരി: മീൻ കുത്തിയതിനെ തുടർന്നുണ്ടായ അണുബാധ കാരണം യുവാവിന് കൈപ്പത്തി നഷ്ടമായി. മാടപ്പീടികയിലെ രജീഷിന്‍റെ കൈയിൽ മീൻ കുത്തിയുണ്ടായ മുറിവിലെ അണുബാധയെ തുടർന്നാണ് വലതുകൈപ്പത്തി മുഴുവനായി മുറിച്ചുമാറ്റേണ്ടി വന്നത്. മുഷി വിഭാഗത്തിൽപെട്ട, പ്രാദേശികമായി കടു എന്ന് വിളിക്കുന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു. മീൻ കുത്തിയുണ്ടായ മുറിവിലൂടെ കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് ക്ഷീര കർഷകനായ രജീഷിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കാരണമായത്.
വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് രാജേഷ്. ഇതിലേക്ക് വെള്ളം നനക്കാനായി വയലോരത്ത് കുഴിച്ച ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് ഒരുമാസം മുമ്പ് രജീഷിനെ മീൻ കുത്തിയത്. കടുവിന്റെ മുള്ളുപോലുള്ള ഭാഗം കൊണ്ടുള്ള കുത്തേറ്റ് വിരൽത്തുമ്പിൽ ചെറിയ മുറിവായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ, കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു.
കൈയിൽ ഭയങ്ക കടച്ചിലായിരുന്നു ആദ്യം. കൈ മടങ്ങാതെ വന്നതോടെ മാഹിയിലെ ആശുപത്രിയിൽ ചികിത്സ തേടി. അസ്വസ്ഥതകൾ മൂർച്ഛിച്ചതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജീവനുതന്നെ ഭീഷണിയാവുന്ന രീതിയിലുള്ള കടുത്ത അണുബാധയാണ് ബാധിച്ചിരിക്കുന്നതെന്നത് കോഴിക്കോട്ടെ ചികിത്സക്കിടെയാണ് വ്യക്തമായത്. മീൻ കൊത്തിയുണ്ടായ മുറിവിലൂടെ ബാക്ടീരിയ അകത്തുകയറിയതാകാമെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.
അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്നതും ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്നതുമായ ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയൽ അണുബാധയാണ് ബാധിച്ചത്. കോഴിക്കോട്ടെത്തുമ്പോഴേക്ക് വിരലുകളിൽ നിന്ന് കൈപ്പത്തിയിലേക്ക് അണുബാധ പടർന്നിരുന്നു. ഒടുവിൽ കൈപ്പത്തി മുറിച്ചുമാറ്റാതെ മറ്റു മാർഗമില്ലെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇല്ലെങ്കിൽ തലച്ചോറിനെ ബാധിക്കുമെന്നായിരുന്നു ഡോക്ടർമാരുടെ മുന്നറിയിപ്പ്. മറ്റു വഴികളില്ലാതായതോടെ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നു. കൈപ്പത്തി നഷ്ടമായതോടെ കർഷകനായ രജീഷിനു മുന്നിൽ വലിയ പ്രതിസന്ധിയാണുള്ളത്.