
‘എന്‍റെ കേരളം’ പ്രദർശന-വിപണന മേള മെയ് എട്ട് വ്യാഴായ്ച്ച വൈകിട്ട് കണ്ണൂർ പോലീസ് മൈതാനത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മേള 14-വരെയാണ് കണ്ണൂരിൽ നടക്കുന്നത്.
കേരളം കൈവരിച്ച സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങൾ, സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ തുടങ്ങിയവയെല്ലാം എൻ്റെ കേരളം മെഗാ പ്രദർശനമേളയിൽ അടുത്തറിയാം. ഇതോടനുബന്ധിച്ച് സമകാലിക വിഷയങ്ങളിൽ സെമിനാറുകൾ, രുചിവൈവിധ്യങ്ങളുമായി ഭക്ഷ്യമേള, കാർഷിക മേള, സ്പോർട്സ് സോൺ, കലാസാംസ്കാരിക പരിപാടികൾ എന്നിവയെല്ലാം ഉണ്ടായിരിക്കുന്നതാണ്. ശീതീകരിച്ച പവലിയനിലാണ് മേള നടക്കുക. പവലിയനിൽ വ്യത്യസ്‌തങ്ങളായ 251 സ്റ്റാളുകളുണ്ടാകും.
ജില്ലാ ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ‘സ്മൃതിയുണർത്തി മ്യൂസിയങ്ങൾ’ ഡോക്യൂമെൻ്ററി മന്ത്രി പ്രകാശനം ചെയ്തു. കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ.പി.മോഹനൻ, കെ.വി.സുമേഷ്, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. കെ.കെ.രത്നകുമാരി, കലക്ടർ അരുൺ കെ.വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ശ്രീധരൻ, സിറ്റി പൊലീസ് കമ്മിഷണർ സി.നിതിൻരാജ്, റൂറൽ എസ്‌പി അനൂജ് പലിവാൽ, എഡിഎം സി.പത്മചന്ദ്ര കുറുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, ജനതാദൾ (എസ്) സംസ്‌ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ, വെള്ളോറ രാജൻ, ആർജെഡി ജില്ലാ പ്രസിഡന്റ് വി.കെ.ഗിരിജൻ, പ്രഫ. ജോസഫ് തോമസ് (കേരള കോൺഗ്രസ് എം), ഐഎൻഎൽ ജില്ലാ പ്രസിഡൻ്റ് ഹമീദ് ചെങ്ങളായി, രതീഷ് ചിറക്കൽ (കേരള കോൺഗ്രസ് ബി) എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും പകൽ സെമിനറുകളും ശിൽപശാലകളും വൈകീട്ട് കലാസാസംകാരിക പരിപാടികളും നടക്കും. പ്രവേശനം സൗജന്യമാണ്.