കണ്ണൂർ : കോടിയേരി ഇനി ഓർമ്മ…. അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചില കാര്യങ്ങൾ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ വിടവ് പരിഹരിക്കാൻ ശ്രമിക്കും. വലിയ നഷ്ടത്തിൽ ദു:ഖത്തിൽ ഒപ്പം ചേർന്നവർക്ക് നന്ദി. കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാർക്ക് കൃതജ്ഞത അറിയിക്കുന്നതായും മാധ്യമങ്ങൾ നല്ല നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ……. അവസാനിപ്പിക്കുന്നു,’– മുഖ്യമന്ത്രി പ്രസംഗം നിർത്തി. പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ വിതുമ്പി