
നോമ്പുതുറ ചലഞ്ചിലൂടെ സമാഹരിച്ച തുക ബാങ്കിലടച്ച് വിനീത സജീവന്റെ ആധാരം തിരികെ വാങ്ങുന്ന മുഴപ്പിലങ്ങാട്ടെ കെട്ടിനകം ലേഡീസ് യൂനിറ്റ് പ്രവർത്തകർ
കണ്ണൂർ: കടക്കെണിയിൽപെട്ട് ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണി നേരിട്ട കെട്ടിനകത്തെ വിനീത സജീവന് ഇനി സമാധാനത്തോടെ അന്തിയുറങ്ങാം. മുഴപ്പിലങ്ങാട്ടെ കെട്ടിനകം ലേഡീസ് യൂനിറ്റിന്റെ പ്രവർത്തകർ നോമ്പുതുറ ചാലഞ്ച് നടത്തി സ്വരൂപിച്ച തുക കൊണ്ട് വീടിന്റെ വായ്പ തിരിച്ചടവ് നടത്തി. 11 ലക്ഷത്തോളം വരുന്ന ബാങ്ക് വായ്പയാണ് വനിത കൂട്ടായ്മ നടത്തിയ പരിശ്രമത്തിലൂടെ തിരിച്ചടക്കാനായത്.
മനസ്സും ശരീരവും സ്രഷ്ടാവിന്റെ പ്രീതിക്കായി സമര്പ്പിച്ച നോമ്പുദിനങ്ങളിൽ മാനവസ്നേഹത്തിന്റെ സുന്ദരചിത്രമാണ് കെട്ടിനകം ലേഡീസ് യൂനിറ്റ് (കെ.എൽ.യു) രചിച്ചത്. വിനീതയെ ജപ്തിഭീഷണിയിൽനിന്ന് കരകയറ്റാൻ സുഹൃത്തുക്കളും അയൽവാസികളുമായ വനിതകൾ കെ.എൽ.യുവിന്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങിയാണ് ‘നോമ്പുതുറ ചലഞ്ച്’ സംഘടിപ്പിച്ചത്.
കടക്കെണിയിൽപെട്ട് ബാങ്ക് വായ്പ തിരിച്ചടക്കാൻ കഴിയാതായതോടെയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്തെ വിനീത സജീവൻ ജപ്തി ഭീഷണി നേരിട്ടത്. ഭർത്താവ് മരിച്ചതോടെ രണ്ട് മക്കളെയും കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് ബാങ്ക് വായ്പയുടെ പേരിലെ ജപ്തി ഭീഷണി.

നോമ്പുതുറ ചലഞ്ചിന് കിറ്റ് തയാറാക്കുന്ന കെട്ടിനകം ലേഡീസ് യൂനിറ്റ് പ്രവർത്തകർ
മാർച്ച് 31നകം പലിശ ഒഴിവാക്കി ബാക്കി വരുന്ന 16 ലക്ഷം രൂപയാണ് ബാങ്കിൽ അടക്കേണ്ടിയിരുന്നത്. അഞ്ചുലക്ഷം വിനീതയുടെ കുടുംബം കണ്ടെത്തി. ബാക്കി പണം കണ്ടെത്താൻ നിർവാഹമില്ലാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ജപ്തിഭീഷണിക്ക് മുന്നിൽ പകച്ചുനിൽക്കുന്ന കാര്യം അറിഞ്ഞതോടെയാണ് സുഹൃത്തിനെ സഹായിക്കാൻ കെട്ടിനകം ലേഡീസ് യൂനിറ്റിലെ മാജിദയും ഷറിനും റജുലയും ‘നോമ്പുതുറ ചലഞ്ച്’ എന്ന ആശയത്തിലൂടെ മുന്നിട്ടിറങ്ങിയത്. കോഓഡിനേറ്ററായി റഹ്ന ഹാഷിമിനെയും നിയോഗിച്ചു.
നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്ത് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കി. വിഭവങ്ങൾ പാകം ചെയ്ത് മാജിദയുടെ വീട്ടിലെത്തിച്ചാണ് കിറ്റ് തയാറാക്കിയത്. നോമ്പുതുറ വിഭവങ്ങൾ സമാഹരിച്ച് 100 രൂപക്ക് വിറ്റഴിക്കുന്ന രീതിയാണ് സ്വീകരിച്ചത്. എന്നാൽ, കഴിയുന്നത്ര തുക നൽകി നാട്ടുകാരും പ്രവാസികളും കൂടെനിന്നു. സംഭാവന നൽകിയവരുടെ കിറ്റുകൾ അഗതി മന്ദിരത്തിലുള്ളവർക്ക് കൈമാറി.
എല്ലാവിഭാഗം ആളുകളും കുടുംബങ്ങളും നോമ്പുതുറ ചലഞ്ചിൽ സഹകരിച്ചതായും തുക ബാങ്കിലടച്ച് ആധാരം തിരികെ വാങ്ങി വിനീതയെ ഏൽപിച്ചതായും ഷറിൻ ഫാജിസ് പറഞ്ഞു.