പാനൂർ: ഈസ്റ്റ് പാറാട് കല്ലുവെച്ച പറമ്പത്ത് മഹ്മൂദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മിന്നലിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
രാത്രി പത്തോടെ വീടിന് ശക്തമായ മിന്നൽ ഏൽക്കുകയും ചുവരിന് വിള്ളലും ഉണ്ടായി. മുറിയുടെ അകത്തെ അലമാരകൾ, മറ്റു ഫർണിച്ചറുകൾ എന്നിവയെല്ലാം തകർന്നു.ഈ സമയത്ത് മുറിയിൽ ഉണ്ടായിരുന്ന മുഹമ്മദിന്റെ ഉമ്മ ബിയാത്തു അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുറിയിലെ ഷോക്കേസ് ചില്ല് മുഴുവനായും ചിന്നിച്ചിതറി.
പുറത്തെ ചുമരിൽ ഇടിമിന്നൽ ഏൽക്കുകയും ചുവരിലും വാർപ്പിലും വിള്ളലുകൾ ഉണ്ടാവുകയും അതിന്റെ ആഘാതത്തിൽ മുറിയിലുണ്ടായിരുന്ന വലിയ അലമാരകൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ മറിഞ്ഞുവീഴുകയുമായിരുന്നു. സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലത, വാർഡ് മെംബർ പി. മഹിജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മുഹമ്മദലി, ബ്ലോക്ക് മെംബർ സാദിഖ് പാറാട്, മെംബർമാരായ പി.വി. അഷ്കർ അലി, ഫൈസൽ കണ്ണങ്കോട് എന്നിവർ സന്ദർശിച്ചു.