പട്ടാപ്പകൽപോലും മോഷ്ടാക്കൾ വിലസുകയാണ് കണ്ണൂരിൽ. ഏറെ സുരക്ഷിതമെന്ന് കരുതുന്നയിടത്തുപോലും കവർച്ചയും മേഷണവും പടിച്ചുപറിയും നടക്കുന്നത് നാട്ടുകാരെ ഭയപ്പെടുത്തുന്നു. കണ്ണൂർ നഗരത്തിൽ ജ്വല്ലറി ഉടമയുടെയും കരിവെള്ളൂരിൽ ബി.എസ്.എൻ.എൽ അസി. ജനറൽ മാനേജറുടെയും വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നത് ഒരേദിവസം. രാത്രിയും പകലും വ്യത്യാസമില്ലാതെ മോഷ്ടാക്കൾ വിലസുമ്പോൾ പൊലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പയ്യന്നൂർ: കരിവെള്ളൂരിൽ ദേശീയ പാതയോരത്തെ വീട്ടിൽ പട്ടാപ്പകൽ വാതിൽ കുത്തിത്തുറന്ന് കവർച്ച. പണവും സ്വർണാഭരണങ്ങളും ഓട്ടുസാധനങ്ങളുമാണ് കള്ളന്മാർ കൊണ്ടുപോയത്. പയ്യന്നൂർ ബി.എസ്.എൻ.എൽ ഓഫിസ് ഉദ്യോഗസ്ഥൻ വി. സജിതിന്റെ പാലക്കുന്ന് പെട്രോൾ പമ്പിനു സമീപത്തെ പുലരി ഹൗസിലാണ് കവർച്ച നടന്നത്. ഗ്രിൽസ് മുറിച്ച് വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച അരലക്ഷം രൂപയും മുക്കാൽ പവൻ വീതമുള്ള രണ്ട് വളകളും മോതിരവും കവർന്നു. ഇതിനു പുറമെ പൂജാമുറിയിൽ ഉണ്ടായിരുന്ന ഓട്ടുരുളിയും ഗണപതി വിഗ്രഹവും നടരാജ വിഗ്രഹവും കൊണ്ടുപോയി. സജിത്തിന്റെ അധ്യാപികയായ ഭാര്യയുടെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗും നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു.
സജിത്തും ഭാര്യയും രാവിലെ ഒമ്പതിന് വീടു പൂട്ടി ജോലിക്കു പോയിരുന്നു. 11.45 ഓടെ അപരിചിതരായ മൂന്നു പേരെ കണ്ട തൊട്ടടുത്ത് താമസിക്കുന്ന സജിത്തിന്റെ അമ്മ വീട്ടിലെത്തിയെങ്കിലും ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവത്രെ. ഇതിനുശേഷം വെളുത്തനിറമുള്ള കാറിൽ കയറി കടന്നുകളയുകയും ചെയ്തു. അമ്മ അറിയച്ചതിനെ തുടർന്ന് സജിത്ത് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നത് അറിയുന്നത്. നിരീക്ഷണ കാമറയുടെ കേബ്ൾ മുറിച്ചുമാറ്റിയതായും കണ്ടെത്തി. ഉടൻ പയ്യന്നൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
ഫ്ലാറ്റ് കുത്തിത്തുറന്ന് 54 പവൻ കവർന്നു
കണ്ണൂർ: കണ്ണോത്തുംചാലില്‍ ജ്വല്ലറി ഉടമയുടെ ഫ്ലാറ്റ് കുത്തിത്തുറന്ന് 54 പവൻ സ്വർണവും 54,000 രൂപയും കവർന്നു. ദേശീയപാതയോട് ചേർന്ന ലൈവ് ഷോര്‍ അപാര്‍ട്ട്മെന്റില്‍ കണ്ണൂർ സ്റ്റാർ ഗോൾഡ് മാനേജിങ് പാർട്ട്ണർ നിശ്ചൽ പ്രവീൺ വസന്തിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഫ്ലാറ്റ് പൂട്ടി പുറത്തുപോയ പ്രവീൺ വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജ്വല്ലറിയിലേക്ക് വാങ്ങിയ 264 ഗ്രാം സ്വർണവും രണ്ട് കരിമണിമാല, കാതില, മാട്ടി, രണ്ട് ചെയിൻ, രണ്ട് ബ്രേസ് ലെറ്റ്, രണ്ട് മോതിരം, രണ്ട് വജ്ര മോതിരങ്ങൾ, നവരത്നമോതിരം എന്നിവയാണ് നഷ്ടമായത്. വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഉച്ചക്ക് 12.30ന് വീട് പൂട്ടി പോയ നിശ്ചൽ പ്രവീൺ 5.30നാണ് തിരിച്ചെത്തിയത്. വാതിലുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് കവർന്നത്. സമീപത്തെ ആൾത്താമസമില്ലാത്ത വീടിന്റെ വാതിലും തകർത്ത നിലയിലാണ്. ഒന്നാം നിലയിലാണ് മോഷണമുണ്ടായത്. മറ്റ് രണ്ട് വീടുകളിലും താമസക്കാരുണ്ടായിരുന്നില്ല. 15 വര്‍ഷമായി കണ്ണൂര്‍ നഗരത്തിലെ ബല്ലാര്‍ഡ് റോഡില്‍ സ്വര്‍ണവ്യാപാരം നടത്തിവരുന്ന നിശ്ചല്‍ ഇവിടെ വാടകക്ക് താമസിച്ചുവരികയാണ്. നിശ്ചലിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൗണ്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.എ ബിനുമോഹനും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.