മട്ടന്നൂര്‍: മട്ടന്നൂരില്‍ ഗവര്‍ണറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ 60 പേര്‍ക്കെതിരെ കേസെടുത്തു.
ഞായറാഴ്ച രാത്രി വയനാട്ടിലേക്കുള്ള യാത്രാമധ്യേ മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ ഗവര്‍ണറുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെയും തിങ്കളാഴ്ച ഗവര്‍ണര്‍ തിരിച്ച് വരുന്നതിനിടെ മട്ടന്നൂര്‍ ജങ്ഷനില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ 50 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി ഇവരെ പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കുകയായിരുന്നു.
ഇരിട്ടിയിലും കേസ്
ഇരിട്ടി: വയനാട്ടിലേക്ക് പോകുകയായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇരിട്ടിയിൽ കരിങ്കൊടി കാണിച്ച അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് കരിെവള്ളൂർ സ്വദേശി വിഷ്ണു പ്രസാദ് (25), കോളിക്കടവ് സ്വദേശി അശ്വിൻ (23), കീഴ്പ്പള്ളി സ്വദേശി ക്രിസ്റ്റഫർ ബാബു (24), പേരട്ട സ്വദേശി തേജസ്സ് സി രാജ് (18), കീഴൂർ സ്വദേശി യദു കൃഷ്ണൻ (21) എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.
പേരാവൂർ ടൗണിലും കരിങ്കൊടി
പേരാവൂർ: വയനാട്ടിലേക്ക് പോകുകയായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പേരാവൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ കരിങ്കൊടി കാണിക്കാൻ ശ്രമം നടന്നു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ തടഞ്ഞതിനാൽ ഗവർണർ കടന്നു പോയ പ്രധാന പാതയിലെത്താനോ കരിങ്കൊടി കാണിക്കാനോ കഴിഞ്ഞില്ല. ഞായറാഴ്ച രാത്രി എസ്.എഫ്.ഐ പേരാവൂർ ഏരിയ സെക്രട്ടറി കെ.കെ. ഗിരീഷ്, പ്രസിഡന്റ് സി. അശ്വന്ത്, അക്ഷയ മനോജ്, അരുൺ മാനുവൽ, അഭിനവ് അനിൽകുമാർ, പി.വി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.