മുഴപ്പിലങ്ങാട്: ഉപതെരഞ്ഞെടുപ്പ് നടന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മമ്മാക്കുന്നിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി എ.സി. നസിയത്ത് ബീവി 12 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി പി.പി. ഷമീമയെ പരാജയപ്പെടുത്തിയത്.
നസിയത്ത് ബീവി 427 വോട്ടും പി.പി. ഷമീമ 415 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ ജംസീന 105 വോട്ടും ബി.ജെ.പിയുടെ കെ. സീമ 79 വോട്ടും കരസ്ഥമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി 55 വോട്ടിന് വിജയിച്ച വാർഡാണിത്.
യു.ഡി.എഫ് മെമ്പറും വികസന സ്റ്റാന്‍റിങ് കമ്മിറ്റി സ്ഥിരംസമിതി അംഗവുമായിരുന്ന എം. റീജയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിൽ എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
രണ്ടാം തവണയാണ് മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ, തെക്കേകുന്നുമ്പ്രം വാർഡിലെ അംഗമായ സി.പി.എമ്മിലെ രാജാമണി അഴിമതി ആരോപണത്തെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.