Sat. Nov 23rd, 2024

മനുഷ്യരുടെ പാർട്ടിയാണ്; മരണവീട്ടിൽ പോകുന്നവരെ വിലക്കില്ലെന്ന് പി. ജയരാജൻ

മനുഷ്യരുടെ പാർട്ടിയാണ്; മരണവീട്ടിൽ പോകുന്നവരെ വിലക്കില്ലെന്ന് പി. ജയരാജൻ

കണ്ണൂർ: കുടുംബബന്ധമോ സുഹൃത്ത് ബന്ധമോ അടിസ്ഥാനമാക്കി മരണവീട്ടിൽ പോകുന്നവരെ പാർട്ടി വിലക്കില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. മനുഷ്യരുടെ പാർട്ടിയാണ്. നിർഭാഗ്യകരമായ സംഭവമാണ് പാനൂരിൽ നടന്നത്. പാർട്ടിക്ക് അതുമായി ബന്ധമില്ല. സ്ഫോടനത്തിൽ മരിച്ചയാളുടെ പ്രവർത്തിയെ പാർട്ടി തള്ളിപറഞ്ഞിട്ടുണ്ട്. അതിനാൽ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ആരും മരണവീട്ടിൽ പോയിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി.

കുടുംബാംഗങ്ങളുമായുള്ള സൗഹൃദത്തിന്‍റെ അടിസ്ഥാനത്തിൽ ആരെങ്കിലും നടത്തിയ സന്ദർശനത്തെ തെറ്റാണെന്ന് പറയേണ്ട കാര്യമില്ല. മരിച്ച വീട്ടിൽ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചർച്ചയാക്കുന്നത്. ഒറ്റപ്പെട്ട വിഷയത്തെ പർവതീകരിച്ച് കാണിച്ച് സ്ഫോടനത്തെ സി.പി.എം നേതാക്കൾ അംഗീകരിക്കുന്നുവെന്ന് വരുത്തിതീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും പി. ജയരാജൻ ചോദിച്ചു.

പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷ​റി​ന്‍റെ വീട്ടിൽ സി.പി.എം നേതാക്കൾ സന്ദർശിച്ചെന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മറ്റി അംഗം എ. അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂടാതെ, സ്ഥലം എം.എൽ.എ കെ.പി. മോഹനനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

ഷറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സി.പി.എം നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ്, പ്രമുഖ പ്രാദേശിക നേതാക്കൾ ​ഷെറിന്റെ വീട്ടിലെത്തിയത്. അതേസമയം, എം.എൽ.എ എന്ന നിലയിലാണ് വീട്ടിൽ പോയതെന്ന് കെ.പി. മോഹനൻ പറയുന്നു.

വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ ഉഗ്ര സ്ഫോടനം നടന്നത്. സംഭവത്തിൽ സി.പി.എം അനു​ഭാവിയായ കൈ​വേ​ലി​ക്ക​ൽ എ​ലി​ക്കൊ​ത്തീ​ന്റ​വി​ട കാ​ട്ടീ​ന്റ​വി​ട ഷെറിൻ കൊല്ലപ്പെട്ടു. വിനീഷ്, വിനോദ്, അശ്വന്ത് എന്നിവർക്ക് പരിക്കേറ്റു. ഇവരിൽ വിനീഷിന്‍റെ നില അതീവ ഗുരുതരമാണ്. അശ്വന്തിന്റെ കാലിനും വിനോദിന്റെ കണ്ണിനുമാണ് പരിക്കേറ്റത്.

സംഭവത്തിൽ സി.പി.എമ്മിന്‍റെ പ്രാദേശിക പ്രവർത്തകരായ നാലു പേരെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നാണ് സി.പി.എം വിശദീകരണം. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!