Fri. May 3rd, 2024

ആളെ മാറ്റി വോട്ട് ചെയ്യിപ്പിച്ചു; രണ്ട് പോളിങ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

By editor Apr20,2024 #kannur news
ആളെ മാറ്റി വോട്ട് ചെയ്യിപ്പിച്ചു; രണ്ട് പോളിങ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കണ്ണൂർ: കല്യാശ്ശേരിയിലേതിനു പിന്നാലെ കണ്ണൂരിൽ വീണ്ടും കള്ളവോട്ട്. വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന സംവിധാനത്തിൽ ആൾമാറാട്ടം നടത്തിയാണ് വോട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പോളിങ് ഓഫിസർ ജോസ്ന ജോസഫ്, ബി.എൽ.ഒ കെ. ഗീത എന്നിവരെ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. പോളിങ് ഓഫിസറെയും ബി.എൽ.ഒയെയും ജില്ല വരണാധികാരികൂടിയായ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70ാം നമ്പര്‍ ബൂത്തിലെ കീഴ്ത്തള്ളി ബി.കെ.പി അപ്പാർട്ടുമെന്റിലെ 86കാരി കെ. കമലാക്ഷിയുടെ വോട്ടിലാണ് ആൾമാറാട്ടം. താഴെ ചൊവ്വ ബണ്ടുപാലം ‘കൃഷ്ണകൃപ’യിൽ വി. കമലാക്ഷിയെ കൊണ്ടാണ് ഇവരുടെ വോട്ട് ചെയ്യിച്ചത്. എഴുപതാം നമ്പർ ബൂത്തിലെ കോൺഗ്രസുകാരിയും അംഗൻവാടി ടീച്ചറുമായ ബി.എൽ.ഒ കെ. ഗീതയാണ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ആരോപിച്ച് എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. ചന്ദ്രനാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.

വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ല ലോ ഓഫിസര്‍ എ. രാജ്, അസി. റിട്ടേണിങ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) ആര്‍. ശ്രീലത എന്നിവരെ ചുമതലപ്പെടുത്തി. 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

കല്യാശ്ശേരിയിലെ കള്ളവോട്ടില്‍ ആറുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കല്യാശ്ശേരിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അഞ്ചാംപീടിക കപ്പോട്കാവ് ഗണേശന്‍, സ്പെഷല്‍ പോളിങ് ഓഫിസര്‍ വി.വി. പൗര്‍ണമി, പോളിങ് അസിസ്റ്റന്റ് ടി.കെ. പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ശ്രീല, സ്പെഷല്‍ പൊലീസ് ഓഫിസര്‍ പി. ലെജീഷ്, വിഡിയോഗ്രാഫര്‍ പി.പി. റിജു അമല്‍ജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഇതില്‍ ഒന്നാം പ്രതിയായ ഗണേശനെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ജില്ല വരണാധികാരിയായ കലക്ടറുടെ നിര്‍ദേശപ്രകാരം കല്യാശ്ശേരി നിയോജക മണ്ഡലം ഉപ വരണാധികാരി നല്‍കിയ പരാതിയില്‍ കണ്ണപുരം പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെയും ഇന്നുമായി കള്ളവോട്ടുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലായി അറസ്റ്റു ചെയ്തവരുടെ എണ്ണം എട്ടായി.

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിൽപ്പെട്ട കല്യാശ്ശേരിയിലെ 92കാരിയുടെ വോട്ട് സി.പി.എം പ്രാദേശിക നേതാവ് രേഖപ്പെടുത്തിയതാണ് പിടികൂടിയത്. വീട്ടില്‍ വോട്ടുചെയ്യുന്ന സംവിധാനത്തിന്റെ മറവിലാണ് കള്ളവോട്ട് നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം സഹിതം നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!