മാഹി: അറ്റകുറ്റപ്പണികൾക്കായി ദേശീയപാതയിലെ മാഹിപ്പാലം 12 ദിവസത്തേക്ക് അടച്ചിട്ടു. മേയ് 10വരെ ഇതുവഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി. പാലത്തിന്റെ ഇരുഭാഗങ്ങളിലുള്ള നടപ്പാതയിലൂടെ കാൽനട യാത്രികർക്ക് സഞ്ചരിക്കാനാകും. പാലത്തിന്റെ ഉപരിതലത്തിലുള്ള ടാറിങ് ഇളക്കുന്ന ജോലിയാണ് നടക്കുന്നത്. രണ്ട് എസ്കോർട്ടറാണ് ഇതിനുപയോഗിക്കുന്നത്. ഇതിനു ശേഷം എക്സ്പൻഷൻ റാഡുകളിലെ വിള്ളലുകൾ വെൽഡിങ് ചെയ്തു യോജിപ്പിക്കാനുള്ള ജോലിയും നടക്കും. വടകര നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ മാഹി കെ.ടി.സി കവലയിൽ യാത്രികരെ ഇറക്കി അവിടെനിന്ന് യാത്രക്കാരുമായി വടകരയിലേക്ക് തിരികെ പോകും. തലശ്ശേരി ഭാഗത്ത് നിന്നുള്ള ബസുകൾ മാഹിപ്പാലം കവലയിലും ആളുകളെ ഇറക്കി തിരിച്ചു പോകും. ദീർഘദൂര ബസുകൾ മാഹി ബൈപാസ് റോഡ് വഴിയാണ് ലക്ഷ്യത്തിലെത്തുക.
മറ്റു വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴിയും തലശ്ശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്- മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയും പോകും.കൊടുവള്ളി മുതൽ മാഹി പാലംവരെയുള്ള ടാറിങ് ചൊവ്വാഴ്ച രാത്രി മുതൽ തുടങ്ങും. കെ.കെ. ബിൽഡേഴ്സാണ് ജോലി ഏറ്റെടുത്ത് നടത്തുന്നത്.