തലശ്ശേരി: മാഹി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെ തലശ്ശേരി – മാഹി ബൈപാസ് റോഡിൽ തിരക്കേറി. പല ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ബൈപാസിൽ കൂടിയാണ് ഇപ്പോൾ മാഹി ഭാഗത്തേക്ക് പോകുന്നത്.
നിരവധി റോഡുകൾ കൂടിച്ചേരുന്ന തലശ്ശേരി ചോനാടം ജങ്ഷനിൽ വാഹനത്തിരക്കേറിയതോടെ അപകടം പതിവായി. ബൈപാസിൽനിന്നും സർവിസ് റോഡുകളിൽ നിന്നും വാഹനങ്ങൾ തലങ്ങും വിലങ്ങുമായി എത്തുന്നതിനാൽ ചോനാടം മുതൽ തലശ്ശേരിവരെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്.
മാഹിപാലം അടച്ചതോടെയാണ് കുരുക്ക് രൂക്ഷമായതും അപകടങ്ങൾ കൂടിയതും. ടോൾ നൽകുന്നത് ഒഴിവാക്കാനായി ചരക്ക് വാഹനങ്ങളടക്കം കൊളശ്ശേരിക്ക് സമീപമുള്ള ടോൾ പ്ലാസയിൽ കയറാതെ സർവിസ് റോഡിലേക്ക് കയറുന്നതും നിത്യകാഴ്ചയാണ്.
ബൈപാസ് വഴി കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഇറങ്ങാനും കയറാനുമുള്ള തിരക്കും കൂത്തുപറമ്പ് – തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ, കൊളശ്ശേരി ഭാഗത്തേക്കും കുണ്ടുചിറ ഭാഗത്തേക്കുമുള്ള സർവിസ് റോഡിലേക്കുള്ള വാഹനങ്ങൾ, അരങ്ങേറ്റുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ എന്നിങ്ങനെ ഏഴ് റോഡുകൾ കൂടിച്ചേരുന്നതാണ് ചോനാടം പ്രദേശം.
സിഗ്നലോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതാണ് ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാവുന്നത്. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊളശ്ശേരിയിലുള്ള ടോൾ പ്ലാസ ഒഴിവാക്കാൻ ബാലത്തിൽ സർവിസ് റോഡിലേക്ക് ഇറങ്ങി ചോനാടത്തേക്ക് വന്ന് ബൈപാസിലേക്ക് കയറുന്നതും കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചോനാടം ഭാഗത്തേക്ക് ഇറങ്ങി സർവിസ് റോഡ് വഴി ബാലത്തിൽനിന്ന് ബൈപാസിലേക്ക് കയറുന്നതും പതിവാണ്.