പാപ്പിനിശ്ശേരി: നിരവധി അവാർഡുകൾ വാരിക്കുട്ടിയ പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ മാലിന്യക്കൂമ്പാരം. കോലത്തുവയൽ -ലിജിമ റോഡിലെ ഓവുചാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ച് മാലിന്യം റോഡരികിൽ തള്ളുകയായിരുന്നു. പരിസരവാസികൾ പരാതി പറഞ്ഞെങ്കിലും അധികൃതർ ചെവികൊണ്ടില്ല. മാലിന്യം പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റിയ കഷ്ണങ്ങൾ റോഡരികിൽ കൂട്ടിയിട്ടതിനാൽ ചിലർ ഇവിടെ മാലിന്യം തള്ളുന്നതും ദുരിതമാകുന്നു. ഇവിടം മാലിന്യകേന്ദ്രമായി മാറി. ചുങ്കം -റെയിൽവേ സ്റ്റേഷൻ റോഡിൽ ചിലയിടങ്ങളിൽ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. നാനാസ്ഥലത്തും മാലിന്യം കുന്നുകൂടുമ്പോൾ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. കൂട്ടിയിട്ട മാലിന്യം ഉടൻ നീക്കം ചെയ്യണമെന്നും പാപ്പിനിശ്ശേരിയെ വീണ്ടും മാലിന്യ പഞ്ചായത്താക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.