ഇരിട്ടി: ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10 വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കും ഉൾപ്പെടെ 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 1500ഓളം വീടുകളിൽ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. പെരുമ്പഴശ്ശി, ആറളം, പൂതക്കുണ്ട് വാർഡുകളിലാണ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത്. ആറളം സ്കൂളിൽ വിദ്യാർഥികൾക്കായി ശനിയാഴ്ച മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. കാപ്പിലക്കുന്നേൽ ജിയോയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ പനി, ജലദോഷം, ചുമ ഉൾപ്പെടെ ചെറിയ രോഗലക്ഷണമുള്ള വിദ്യാർഥികൾക്ക് മരുന്ന് വിതരണം ചെയ്തു.
മേഖലയിലെ കുടിവെള്ളത്തിൽ കോളിഫാം ബാക്ടീരിയുടെ സാന്നിധ്യം പരിധിയിലധികം കണ്ടെത്തി. ആറളം ഹെൽത്ത് സെന്ററിൽ പൊതുജനങ്ങൾക്കായും മെഡിക്കൽ ക്യാമ്പ് നടത്തി. രക്ഷിതാക്കളുടേയും കുട്ടികളുടേയും ആശങ്ക ദൂരീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ യോഗം നടത്തി. പ്രതിരോധ പ്രവർത്തനങ്ങളും രോഗലക്ഷണം കണ്ടാൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളും സംബന്ധിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാർഡ് അംഗം ഷീബ രവി, ഹെൽത്ത് നഴസ് ടി.എ. അംബിക എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്കുള്ള മെഡിക്കൽ ക്യാമ്പ് നടത്തിയത്. പരിശോധന നടത്തിയ കിണറുകളിലെല്ലാം കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യം ശക്തമായതിനാൽ കൂടുതൽ ശുദ്ധജല സ്രോതസ്സുകളുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കും.