തലശ്ശേരി: ഈ വർഷത്തെ ആർദ്ര കേരളം പുരസ്കാരത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം കതിരൂർ പഞ്ചായത്തിന്. സംസ്ഥാന സർക്കാർ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ആർദ്ര കേരളം പുരസ്കാരം നൽകുന്നത്.
ആരോഗ്യ മേഖലയിൽ പദ്ധതിയിനത്തിൽ ചെലവഴിച്ച തുക സാന്ത്വന പരിചരണം മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ, കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ലഭ്യമാകുന്ന ആരോഗ്യ സേവനങ്ങൾ, ശുചിത്വ-മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങൾ, അണുബാധ നിയന്ത്രണം, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, വാർഡുതല സാനിറ്റേഷൻ കമ്മിറ്റിയുടെ രോഗപ്രതിരോധ പ്രവർത്തനങ്ങളും ഫണ്ട് ചെലവഴിക്കലും, പദ്ധതി മേഖലയിലെ നൂതന ആശയങ്ങൾ എന്നിവ വിലയിരുത്തിയാണ് ആർദ്ര കേരള പുരസ്കാരം കതിരൂരിന് ലഭിച്ചത്. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ-ഹോമിയോ ആശുപത്രികൾ, മാലിന്യ സംസ്കരണ യൂനിറ്റുകൾ, ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ പൊതു ഇടങ്ങളിലെ മാലിന്യശേഖരണവും സംസ്കരണവും ഇവയെല്ലാം വിലയിരുത്തിയാണ് പുരസ്കാര കമ്മിറ്റി അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ലഭിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ പറഞ്ഞു.
കായകൽപ്പ് പുരസ്കാര നിറവിൽ കതിരൂർ കുടുംബാരോഗ്യകേന്ദ്രം
തലശ്ശേരി: കായകൽപ്പ് പുരസ്കാര നിറവിൽ കതിരൂർ കുടുംബാരോഗ്യകേന്ദ്രം. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ജില്ലയിൽ 97.5 മാർക്ക് ലഭിച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ് കതിരൂർ പ്രാഥമികാരോഗ്യ കേന്ദ്രം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ മുൻനിർത്തിയാണ് പുരസ്കാരത്തിനായുള്ള വിധിനിർണയം നടന്നത്. രണ്ടു ലക്ഷം രൂപയാണ് അവാർഡ് തുക. ശുചിത്വ പരിപാലന മികവിന് ഇത് രണ്ടാം തവണയാണ് കതിരൂർ എഫ്.എച്ച്.സി കായകൽപ്പ് പുരസ്കാരം നേടുന്നത്. പഞ്ചായത്ത് പരിധിയിൽനിന്ന് കൂടാതെ സമീപപ്രദേശങ്ങളിൽനിന്നും ഉൾപ്പെടെ നിരവധി രോഗികളാണ് ഇവിടേക്ക് എത്തുന്നത്. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനലും മെഡിക്കൽ ഓഫിസർ ഡോ. വിനീത ജനാർദനനും പറഞ്ഞു. ലബോറട്ടറി, ഫിസിയോതെറപ്പി യൂനിറ്റ്, ഫാർമസി, കുട്ടികളുടെ കളിസ്ഥലം, കുത്തിവെപ്പ് കേന്ദ്രം എന്നിവയടക്കം മികച്ച സേവനങ്ങൾ ആശുപത്രിയിലുണ്ട്.