കണ്ണൂർ: ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയശേഷം മൂന്നാഴ്ചയിലേറെ നീണ്ട ഇടവേളക്കുശേഷം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ. ‘മാധ്യമങ്ങളുടെ കള്ളപ്രചാരണത്തിനെതിരെ’ സി.പി.എം ജില്ല കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനാണ് ഇ.പി. ജയരാജനെത്തിയത്. മാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്നുവെന്നും മുഖ്യമന്ത്രിയെയും കുടുംബത്തിനെയും ജനങ്ങൾക്ക് മുന്നിൽ കുറ്റക്കാരായി കാണിക്കുന്നുവെന്നും എല്ലാ മാധ്യമങ്ങൾക്കും രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയെതുടർന്ന് ആഗസ്റ്റ് 30ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ പുറത്താക്കാൻ തീരുമാനിച്ചത്. ഇതേതുടർന്ന് പാർട്ടിയുമായി ഇടഞ്ഞ് അടുത്തദിവസത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയശേഷം ഇ.പി. ജയരാജന് നിശ്ചയിച്ച ആദ്യ പാർട്ടി പരിപാടി സെപ്റ്റംബർ ഒമ്പതിന് പയ്യാമ്പലത്ത് ചടയൻ ഗോവിന്ദൻ ദിനാചരണമായിരുന്നു. ചികിത്സയിലെന്ന വിശദീകരണം നൽകി അദ്ദേഹം പരിപാടിയിൽ പങ്കെടുത്തില്ല. കഴിഞ്ഞദിവസം പയ്യാമ്പലത്ത് നടന്ന അഴീക്കോടൻ രാഘവൻ അനുസ്മരണത്തിലും ഇ.പി പങ്കെടുത്തില്ല. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മുതിർന്ന നേതാവ് എം.എം. ലോറൻസിനും അന്ത്യാഭിവാദ്യമർപ്പിക്കാൻ ഇ.പി എത്തിയിരുന്നു.