കേളകം: ആറളം ഫാമിൽ വീണ്ടും മരം മുറി വിവാദം. റീപ്ലാന്റേഷന്റെ മറവിൽ വ്യാപകമായി മരം മുറി നടത്തി. വൻ മരം കൊള്ള നടത്തിയതായി കണ്ടെത്തലിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. ഫാം അഞ്ചാം ബ്ലോക്കിൽ കശുമാവ് മുറിച്ചുമാറ്റി പുതുകൃഷി ഇറക്കുന്നതിനായി 1500 ഏക്കറിലെ കശുമാവും പാഴ്മരങ്ങളും മുറിക്കാനുള്ള ഉത്തരവിന്റെ മറവിലാണ് ഇരൂൾ, ആഞ്ഞിലി ഉൾപ്പെടെ മരങ്ങൾ മുറിച്ചു കടത്തിയത്.
റീപ്ലാന്റേഷനായി അഞ്ചാം ബ്ലോക്കിൽനിന്ന് 1500 ക്യൂബിക്ക് മീറ്റർ പാഴ്മരങ്ങളും കൃഷിയിടത്തിന് തടസ്സമായി നിൽക്കുന്ന ചെറു ആഞ്ഞിലി മരം 60 ക്യൂബിക്ക് മീറ്ററും മരം ഒന്നിന് 2,900 രൂപ നിരക്കിൽ 900 കശുമാവുമാണ് മുറിച്ചുമാറ്റാൻ ഒരു കോടിയോളം രൂപക്ക് സ്വകാര്യ വ്യക്തിക്ക് കരാർ കൊടുത്തത്. മരങ്ങൾ മുറിച്ചു നീക്കിയ 1500 ഏക്കർ സ്വകാര്യ വ്യക്തിക്ക് പൈനാപ്പിൾ കൃഷി നടത്തുന്നതിന് കാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്ക് പട്ടത്തിന് നൽകുന്നതിനൊപ്പം കശുമാവ് നട്ട് സംരക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇതിനായുള്ള മരം മുറിയിലാണ് അനധികൃതമായി മരം മുറിച്ചത് കണ്ടെത്തിയത്. ഇരൂളും ആഞ്ഞിലിയും ഉൾപ്പെടെയുള്ള കൂറ്റൻ മരങ്ങളെല്ലാം മുറിക്കുകയും, മുറിച്ചിടുന്ന മരങ്ങൾ കടത്തുകയും ചെയ്തത് രാത്രിയുടെ മറവിലായിരുന്നു.
അനധികൃതമായി മരംമുറി കണ്ടെത്തിയതിനെ തുടർന്ന് നിയമനടപടി
ആറളം ഫാമിലെ അനധികൃത മരംമുറി നടന്ന സ്ഥലത്ത് ആറളം ഫാം മാനേജിങ് ഡയറക്ടറും തലശ്ശേരി സബ്കലക്ടറുമായ കാർത്തിക് പാണിഗ്രഹി ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ നിധീഷ് കുമാറും സന്ദർശനം നടത്തി.
അനധികൃതമായി മരം മുറിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഫാം സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, മാർക്കറ്റിങ് ഓഫിസർ, അക്കൗണ്ട്സ് ഓഫിസർ, ബ്ലോക്ക് ഇൻചാർജ്-5 എന്നിവരുടെ ഒരു കമ്മിറ്റി രൂപവത്കരിച്ചിരുന്നു. തുടർന്ന് ബ്ലോക്ക് ഇൻചാർജ്, ഫാം സൂപ്രണ്ട് എന്നിവരുടെ റിപ്പോർട്ടുകൂടി പരിഗണിച്ച് നിയമനടപടികൾക്കായി കമ്മിറ്റി ശുപാർശ ചെയ്തതായും തുടർ നടപടിക്കായി ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രസ്തുത കമ്മിറ്റി അനധികൃതമായി മരംമുറി കണ്ടെത്തിയതിനെ തുടർന്നി നിയമ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. അതോടൊപ്പം ജില്ല നിയമ ഓഫിസറുടെ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകി. കരാറുകാരൻ അനധികൃതമായി കരാറിൽ ഉൾപ്പെടാത്ത 17 മരങ്ങൾ മുറിച്ചതായി കണ്ടെത്തിയതായും ഫാം അധികൃതർ അറിയിച്ചു.