കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ. റെയിൽവേ ക്വാർട്ടേഴ്സിന് സമീപം ചത്തനിലയിൽ കണ്ടെത്തിയ നായയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റവർക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 4.30ഓടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ മുൾമുനയിൽ നിർത്തി തെരുവുനായയുടെ ആക്രമണം നടന്നത്. റെയിൽവേ സ്റ്റേഷനിലെ 18 യാത്രക്കാർക്ക് കടിയേറ്റു. ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്നവരെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിന്നവരെയുമാണ് തെരുവുനായ് കടിച്ചത്.
സ്ത്രീകളും വയോധികരും അടങ്ങിയവർക്കാണ് കടിയേറ്റത്. കടിയേറ്റവരെ ഉടൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നായയെ പിന്നീട് റെയിൽവേ ക്വാർട്ടേഴ്സിന് സമീപം ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, റെയിൽവേ സ്റ്റേഷനിൽ അലഞ്ഞു നടക്കുന്ന തെരുവുനായയെ പിടികൂടാൻ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് റെയിൽവേ അധികൃതർ പറയുന്നു. എന്നാൽ, തെരുവുനായയെ പിടിക്കാനുള്ള ചുമതല റെയിൽവേ ഉദ്യോഗസ്ഥർക്കാണെന്ന് കോർപറേഷൻ വിശദീകരിക്കുന്നു.