പയ്യന്നൂർ: കുഞ്ഞിമംഗലത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നും ലക്ഷങ്ങളുടെ സാധന സാമഗ്രികൾ കവർച്ച ചെയ്ത പ്രതി പഴയങ്ങാടിയിൽ പിടിയിൽ. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം വാടക ക്വാട്ടേർസിൽ താമസിക്കുന്ന തമിഴ്നാട് ലാച്ചിയം വില്ലുപുരം സ്വദേശിനി പാച്ചിയമ്മ (40)യെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐ.സി. സനീദ്, ഉദ്യോഗസ്ഥരായ മനോജൻ മമ്പലം, എ.ജി. അബ്ദുൽ ജബ്ബാർ, സുനിത ഫെർണാണ്ടസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച പുലർച്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിർമാണം നടക്കുന്നവീട്ടിലെ നിരീക്ഷണ കാമറകൾ നശിപ്പിക്കുകയും സാധനങ്ങൾ കടത്തികൊണ്ടു പോവുകയും ചെയ്ത് 15 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി. വിനീതിന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പ്രദേശത്തെ നിരീക്ഷണ കാമറകളും മറ്റും പരിശോധിച്ച പൊലീസ് സംഘം കേസെടുത്ത് 24 മണിക്കൂറിനകം മോഷ്ടാവിനെ പിടികൂടുകയായിരുന്നു.