കണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കേസെടുത്ത് പൊലീസ്. 11 എസ്.എഫ്.ഐ പ്രവർത്തകർക്കും ആറ് കെ.എസ്.യു പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തത്. അതിനിടെ, പ്രശ്ന പരിഹാരത്തിനായി സർവകക്ഷിയോഗം യോഗം നാളെ പൊലീസ് വിളിച്ചിട്ടുണ്ട്.
പരിക്കേറ്റ കെ.എസ്.യു ഐ.ടി.ഐ യൂനിറ്റ് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് റിബിന്റെയും പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകൻ ആഷിഖിന്റെ പരാതിയിലുമാണ് കേസെടുത്തത്. കൂടാതെ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി 17 എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, സംഘർഷത്തിൽ പരിക്കേറ്റ മുഹമ്മദ് റിബിന്റെ നില ഗുരുതരമാണ്. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ റിബിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തോട്ടട ഗവ. ഐ.ടി.ഐയിൽ കെ.എസ്.യു കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. സംഘർഷത്തിലും പൊലീസ് ലാത്തിച്ചാർജിലും നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഏഴ് കെ.എസ്.യു പ്രവർത്തകർക്കും ആറ് എസ്.എഫ്.ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
ഈ മാസം 20ന് ഐ.ടി.ഐയിൽ യൂനിയൻ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായ പ്രവർത്തനങ്ങൾക്കിടെ പലപ്പോഴും ചെറിയ സംഘർഷങ്ങൾ ഉടലെടുക്കാറുണ്ട്. കെ.എസ്.യുവിന്റെ പതാക
അഴിച്ചുമാറ്റിയെന്ന് കെ.എസ്.യു പ്രവർത്തകർ സ്ഥാപിച്ച കൊടി എസ്.എഫ്.ഐക്കാർ അഴിച്ചുമാറ്റിയെന്നാണ് അവർ ഉന്നയിക്കുന്ന ആരോപണം.
ഇത് കെ.എസ്.യു പ്രവർത്തകർ ചോദ്യംചെയ്തതോടെയുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിച്ചു. ഇരു സംഘടനയിലെ നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച രാവിലെത്തന്നെ കാമ്പസിൽ സംഘടിച്ചിരുന്നു. സംഘർഷം നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
സാരമായി പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരായ അർജുൻ കോറോം, വിതുൽ ബാലൻ എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിസ്സാര പരിക്കേറ്റ ഫർഹാൻ മുണ്ടേരി, രാഗേഷ് ബാലൻ, ദേവകുമാർ, ഹരികൃഷ്ണൻ പാളാട് എന്നിവർക്ക് പ്രഥമശുശ്രൂഷ നൽകി. എസ്.എഫ്.ഐ പ്രവർത്തകരായ ഷാരോൺ, ആഷിക്, ആദിത്, അജന്യ, നവനീത് എന്നിവർക്കും പരിക്കേറ്റിരുന്നു.