കണ്ണൂർ: ഇരുചക്രവാഹന യാത്രക്കാരുടെ ഇന്ധന നഷ്ടവും സാമ്പത്തിക നഷ്ടവും പഠിച്ച് റിപ്പോർട്ട് തയാറാക്കി പട്ടാന്നൂർ കെ.പി.സി.എച്ച്.എസ്.എസ് പുതുച്ചേരിയിൽ നടക്കുന്ന ദക്ഷിണേന്ത്യ ശാസ്ത്രമേളയിലേക്ക്. കൂടാളി പഞ്ചായത്തിലെ ഗട്ടറുള്ള 19 റോഡുകളിൽ ഡ്രൈവ് ചെയ്ത് നടത്തിയ പരീക്ഷണത്തിന്റെ കണ്ടെത്തലാണ് പഠനം.
സംസ്ഥാന ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം റിസർച്ച് ടൈപ്പിൽ ഒന്നാം സ്ഥാനം നേടിയാണ് ഈ പ്രോജക്ട് ജനുവരി 21 മുതൽ 25 വരെ നടക്കുന്ന ദക്ഷിണേന്ത്യ ശാസ്ത്രമേളയിൽ മത്സരിക്കാനെത്തുന്നത്. ഹൈസ്കൂൾ വിദ്യാർഥികളായ കെ. കാർത്തിക്, സി. മുഹമ്മദ് റിഹാൻ, പ്രധാനാധ്യാപിക വിജയലക്ഷ്മി, പ്രോജക്ട് ഗൈഡ് സി.കെ. പ്രീത എന്നിവരാണ് പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചത്. പഠന റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ്, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ, എക്സിക്യൂട്ടിവ് എൻജിനീയർ ജാൻസി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ അനിൽ എന്നിവർക്ക് കൈമാറി.
ഗട്ടറുകളുള്ള റോഡിലെ യാത്രയിൽ ഒരു കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്യുമ്പോൾ ശരാശരി 38 മില്ലി ലിറ്ററാണ് ഇന്ധനനഷ്ടമെന്ന് പഠനത്തിൽ പറയുന്നു. ഒരു ലിറ്റർ ഇന്ധനത്തിന് ഇപ്പോഴത്തെ നിരക്കിൽ ശരാശരി നാലുരൂപയുടെ സാമ്പത്തിക നഷ്ടമാണ് കണ്ടെത്തിയത്. നല്ല റോഡിനേക്കാൾ കിലോമീറ്ററിൽ 1.6 മിനിട്ട് സമയനഷ്ടമുണ്ടാകുന്നുവെന്നും ഈ പഠനത്തിലെ മറ്റൊരു കണ്ടെത്തലാണ്.
ഒരുലക്ഷം വാഹനം ഒരുകിലോമീറ്റർ ദൂരം മോശം റോഡിലൂടെ പോകുമ്പോൾ ശരാശരി 8.830 ടൺ കാർബൺഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. സ്കൂളിനടുത്തുള്ള കോവൂർ അമ്പലം റോഡിലും ഇരിക്കൂർ-ചാലോട് മെക്കാഡം ടാറിങ് റോഡിലുമാണ് താരതമ്യപഠനം നടത്തിയത്. ഇരുചക്രവാഹനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന 50 പേരിൽ സർവേ നടത്തി.