
റഫ്നാസ്
കൂത്തുപറമ്പ്: സ്വകാര്യബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ക്ലീനർക്ക് കത്തികുത്തേറ്റു. തലശ്ശേരി ആലച്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീമുത്തപ്പൻ ബസ്സിലെ ക്ലീനർ വിജേഷ് മേനച്ചോടിക്കാണ് കുത്തേറ്റത്. കൈക്ക് സാരമായി പരിക്കേറ്റ വിജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
സംഭവത്തിൽ പൊറോറ സ്വദേശി റഫ് നാസി(28)നെ കൂത്തുപറമ്പ് എസ്.ഐ അഖിലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച വൈകീട്ട് 6.15ഓടെ കൂത്തുപറമ്പ് നഗരസഭ ബസ്സ് സ്റ്റാൻഡിലാണ് സംഭവം. സർവീസിനായി സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ്സിനരികിൽ നിൽക്കുകയായിരുന്ന വിജേഷിനെ റഫ്നാസ് കുത്തി പരിക്കേൽപ്പിക്കുകയാണുണ്ടായത്.
അക്രമം നടത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച റഫ്നാസിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മദ്യലഹരിയിൽ ആയിരുന്നുപ്രതിയെന്ന് പൊലീസ് പറഞ്ഞു. വിജേഷിനെ കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.