
കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിയോജിപ്പ് ഉയരുന്നതിനിടെ ചർച്ചയായി കണ്ണൂരിൽ നിന്നുള്ള മുതിർന്ന വനിതാ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന സമ്മേളനം അവസാനിച്ചതിന് പിന്നാലെ ഇന്നലെ വൈകിട്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മഹിള അസോസിയേഷൻ സംസ്ഥാന നേതാവായ എൻ. സുകന്യ നിലപാട് അറിയിച്ചത്.
‘ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്‍റെ ഒരു സഖാവാണ്….. ചെഗുവേര’ -എന്നാണ് സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി സുകന്യ രംഗത്തെത്തി. പാർട്ടി തീരുമാനത്തിൽ തനിക്ക് അതൃപ്തിയില്ലെന്നും ദുർവ്യാഖ്യാനം വേണ്ടെന്നും സുകന്യ മാധ്യമങ്ങളോട് വിശദീകരിച്ചു.

പ്രൊഫൈൽ ചിത്രം മാറ്റിയപ്പോൾ ഒരു വാചകം കൂടി ചേർത്തതാണ്. ഒരുപാട് ഘടകങ്ങൾ ആലോചിച്ചാണ് കമ്മിറ്റികൾക്ക് രൂപം നൽകുന്നത്. പാർട്ടി തന്‍റെ പ്രവർത്തനത്തെ അംഗീകരിച്ചിട്ടുണ്ട്. തനിക്ക് കഴിയും പോലെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം വർധിക്കേണ്ടതാണെന്നും സുകന്യ വ്യക്തമാക്കി.
പി.െക. ശ്രീമതി അടക്കമുള്ളവർ ഒഴിവാകുമ്പോൾ കണ്ണൂരിൽ നിന്നുള്ള മുതിർന്ന വനിതാ നേതാവും മഹിള അസോസിയേഷൻ സംസ്ഥാന നേതാവുമായ എൻ. സുകന്യയുടെ പേര് സംസ്ഥാന സമിതിയിലേക്ക് പറഞ്ഞു കേട്ടിരുന്നു. വി.കെ. സനോജിനൊപ്പം സുകന്യയും സമിതിയിൽ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, മുതിർന്ന നേതാവായ എം. പ്രകാശനെയാണ് സമിതിയിൽ ഉൾപ്പെടുത്തിയത്.
സംസ്ഥാന സമിതിയിൽ ഉൾപ്പെടാതിരുന്ന പത്തനംതിട്ട ജില്ല സെക്രട്ടറിയറ്റ് അംഗവും മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ. പദ്മകുമാർ സമൂഹമാധ്യമ പോസ്റ്റിലൂടെ പ്രതിഷേധം പരസ്യമാക്കിയിരുന്നു.

‘ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം, ലാൽ സലാം…’ പത്മകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രത്തോടൊപ്പം കുറിച്ചു. ഉച്ചഭക്ഷണത്തിന് നില്‍ക്കാതെ പ്രതിഷേധ സൂചകമായി പത്മകുമാർ സമ്മേളന നഗരി വിടുകയും ചെയ്തു.
യുവാക്കളെ എടുക്കുന്നതിനൊപ്പം ബാക്കിയുള്ളവരെക്കൂടി പരിഗണിക്കാമായിരുന്നുവെന്ന് നേരത്തെ പത്മകുമാര്‍ വാർത്താചാനലുകളോട് പ്രതികരിച്ചിരുന്നു. വീണ ജോര്‍ജിനെ എടുത്തതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ഒരു പരിഗണന കിട്ടേണ്ടിയിരുന്നു എന്ന മാനസികാവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമോഷന്റെ അടിസ്ഥാനം പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകണം. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രം അടിസ്ഥാനമാക്കരുത്. പാര്‍ട്ടി വിട്ട് പോകില്ല. എങ്ങും പോകാനുമില്ല. ഇന്നല്ലെങ്കില്‍ നാളെ തിരുത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ഥ പാര്‍ട്ടിയാകുമെന്നും പത്മകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.