
ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിസരത്ത് ബസ് യാത്രികരെ പരിശോധിക്കുന്നു, ഉൾച്ചിത്രത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ ബസിൽനിന്ന് പിടികൂടിയ തിരകൾ
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ നാടൻ തോക്കിൽ ഉപയോഗിക്കുന്ന 150 തിരകൾ പിടികൂടി. വ്യാഴാഴ്ച എക്സൈസ് ഇൻസ്‌പെക്ടർ വി.ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനക്കിടെയാണ് വീരാജ്പേട്ട വഴി എത്തിയ സ്വകാര്യ ബസിന്റെ ബർത്തിൽ ഉടമസ്ഥനില്ലാത്തവിധം ബാഗിൽ സൂക്ഷിച്ച നിലയിൽ തിരകൾ കണ്ടെത്തിയത്. സംശയം തോന്നിയ ഉളിക്കൽ കാലാങ്കി സ്വദേശിയെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വിട്ടയച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളോട് ഇന്ന് പൊലീസിനുമുമ്പാകെ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്. തുടർന്ന് ബസും തിരകളും ഇരിട്ടി പൊലീസിന് കൈമാറി.
കുടകിലെ കുട്ടയിൽനിന്ന് വീരാജ്പേട്ട -കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ ആളില്ലാത്തനിലയിൽ സൂക്ഷിച്ചതായിരുന്നു ബാഗ്. സംശയം തോന്നി ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽ പൊതിഞ്ഞ നിലയിൽ മൂന്ന് കെയ്‌സുകളിലായി തിരകൾ കണ്ടെത്തിയത്. തുടർന്ന് ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം എത്തിയ പൊലീസ് സംഘം ബസ് യാത്രക്കാരെയടക്കം കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. എക്സൈസ് സംഘം പിടികൂടിയ തിരകളും പൊലീസിന് കൈമാറി.
ബസിലുണ്ടായിരുന്ന യാത്രികരെ ആരെയും പോകാൻ അനുവദിച്ചില്ല. വൈകീട്ട് ആറോടെ എം.സി. ബിനീഷിന്റെ നേതൃത്വത്തിൽ എത്തിയ ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ സംശയം തോന്നിയയാളെ കസ്റ്റഡിയിലെടുത്തു. പൊലീസ് നായ് ഇയാളെ ചുറ്റി നാലു തവണയോളം കുരച്ചുചാടിയതാണ് പൊലീസിന് സംശയമുണ്ടാക്കിത്. ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണൻ, എസ്.ഐ കെ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ ചോദ്യം ചെയ്തത്.�
കർണാടകയിൽനിന്ന് മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ യാത്ര വാഹനങ്ങൾ അടക്കമുള്ളവയുടെ പരിശോധന ശക്തമാണ്. എക്സൈസ് ഇൻസ്‌പെക്ടർ വി.ആർ. രാജീവ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ ജോണി ജോസഫ്, പ്രിവന്റിവ് ഓഫിസർമാരായ ടി. ബഷീർ, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. ഷിബു, എം.ബി. മുനീർ, വനിത സി.ഇ.ഒ ഷീജ കവളാൻ എന്നിവരാണ് എക്സൈസ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.