
നദീഷ് നാരായണൻ
പയ്യന്നൂർ: പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ അസി. ഡയറക്ടർ എക്സൈസിന്റെ പിടിയിൽ. കണ്ടങ്കാളി റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന എൻ. നദീഷ് നാരായണനാണ് (31) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിൽ കണ്ടങ്കാളി റെയിൽവേ ഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. നദീഷ് കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇയാളിൽനിന്ന് 115 ഗ്രാം കഞ്ചാവ് പിടികൂടി.
എൻ.ഡി.പി.എസ് വകുപ്പു പ്രകാരം കേസെടുത്തു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും സംഘം കസ്റ്റഡിയിലെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ടി.വി. കമലാക്ഷൻ, പ്രിവന്റിവ് ഓഫിസർ വി.കെ. വിനോദ്, വി.വി. ഷിജു, എക്സൈസ് ഓഫിസർ കെ. ശരത്ത്, കെ. വിനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ടി.വി. ജൂന എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ അസി. ഡയറക്ടറായും അസോ. ഡയറക്ടറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.