Mon. May 13th, 2024

പി.ടി. ഉഷക്ക് ജന്മനാടിന്റെ സ്വീകരണം

By editor Oct21,2022 #kannur news
പി.ടി. ഉഷക്ക് ജന്മനാടിന്റെ സ്വീകരണം

പയ്യോളി: രാജ്യസഭ എം.പി സ്ഥാനം അലങ്കാരവസ്തുവായി കാണില്ലെന്നും പകരം നാടിന്റെ വികസനാത്മകമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ മുന്നിട്ടിറങ്ങുമെന്നും പി.ടി. ഉഷ എം.പി. കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമായി കായികമേഖലയിൽ രാജ്യത്തിന്റെ യശസ്സുയർത്താൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ട്.

പിന്നിട്ട നാൾവഴികളിൽ തന്നെ ചെറുപ്പകാലം മുതൽ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന പിതാവും ഭർത്താവുമടക്കം തന്റെ കുടുംബാംഗങ്ങൾ, അധ്യാപകർ, പരിശീലകർ, നാട്ടുകാർ തുടങ്ങിയവരുടെയെല്ലാം പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് നിങ്ങൾ കാണുന്ന പി.ടി. ഉഷയും എം.പിയും ഉണ്ടാകുമായിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ പയ്യോളി പൗരാവലി നേതൃത്വത്തിൽ പെരുമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ മറുപടി പ്രഭാഷണം നടത്തുകയായിരുന്നു അവർ.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉപജില്ല മത്സരത്തിൽ 200 മീറ്റർ ഓട്ടത്തിൽ തന്നെ തോൽപിച്ച് സ്വർണമെഡൽ കരസ്ഥമാക്കിയ രാധയെന്ന കൂട്ടുകാരിയെ ഉഷ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ഉടൻ സദസ്സിലുണ്ടായിരുന്ന രാധ വേദിയിലേക്ക് കയറി ഉഷയെ ആശ്ലേഷിച്ചത് നീണ്ട കൈയടികളോടെയാണ് ഹാളിലെത്തിയ വൻജനാവലി സ്വീകരിച്ചത്.

നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പി.ടി. ഉഷ എം.പിക്ക് ഉപഹാരം സമർപ്പിച്ചു. നഗരസഭ വൈസ്ചെയർപേഴ്സൻ സി.പി. ഫാത്തിമ എം.പിയെ പൊന്നാടയണിയിച്ചു. ചാനൽ ടോപ്പ് സിംഗർ വിജയി ശ്രീനന്ദ് വിനോദ്, ദേശീയ ജൂനിയർ സോഫ്റ്റ് ബേസ് ബാൾ ചാമ്പ്യൻമാരായ കേരള ടീമംഗം ആൻസിയ ഷിനോയ് തുടങ്ങിയവരെ പരിപാടിയിൽ എം.പി ഉപഹാരം നൽകി ആദരിച്ചു.

‘ഒളിമ്പ്യൻ പി.ടി. ഉഷ നാളിതുവരെ’ എന്ന വിഷയത്തിൽ ‘ചന്ദ്രിക’ പത്രാധിപർ കമാൽ വരദൂർ സംസാരിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!