Wed. May 15th, 2024

ആറളം ഫാമിൽ കാട്ടാന ബൈക്ക് തകർത്തു; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

By editor Nov18,2022 #kannur news
ആറളം ഫാമിൽ കാട്ടാന ബൈക്ക് തകർത്തു; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

കേളകം: ആറളം ഫാമിൽ കാട്ടാനകളുടെ സംഹാരതാണ്ഡവം തുടരുന്നു. ഫാമിൽ ചെത്തുതൊഴിലാളിയുടെ ഓടിക്കൊണ്ടിരുന്ന ബൈക്ക്, പിന്നിൽനിന്നും ഓടിയെത്തി ആന ചവിട്ടിവീഴ്ത്തി. ഫാം അഞ്ചാം ബ്ലോക്കിലെ തെങ്ങുചെത്ത് തൊഴിലാളി വിളക്കോട്ടെ ആർ.പി. സിനേഷാണ് (35) ആനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ ഏഴോടെ വീട്ടിൽനിന്നും കീഴ്പ്പള്ളി-പാലപ്പുഴ റോഡുവഴി ഫാമിന്റെ അഞ്ചാം ബ്ലോക്കിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മെയിൻ റോഡിൽനിന്നും കൃഷിയിടത്തിലൂടെ കടന്നുപോകുന്ന മൺറോഡിലൂടെ ബൈക്കിൽ പോവുകയായിരുന്നു.

മൺറോഡിന്റെ ഇരുവശവും കാടുമൂടി ചെറുപാതയായി മാറിയിരുന്നു. റോഡിനോടുചേർന്ന് വളവിൽ ആനക്കുട്ടി നിൽക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെട്ടു. ബൈക്ക് നിർത്തി പിന്നോട്ടെടുക്കാൻ പറ്റാത്തതിനാൽ അവിടെ നിർത്താതെതന്നെ മുന്നോട്ടുനീങ്ങുന്നതിനിടയിൽ ചിന്നം വിളിച്ചെത്തിയ പിടിയാന ബൈക്കിനെ പിന്തുടർന്നെത്തി പിന്നിൽനിന്നും ചവിട്ടിവീഴ്ത്തി.

ചവിട്ടിന്റെ ആഘാതത്തിൽ സിനേഷ് നിയന്ത്രണം വിട്ട് കാട്ടിലേക്ക് തെറിച്ചുവീണു. ആന ബൈക്ക് തകർക്കുന്നതിനിടയിൽ കാട്ടിലേക്ക് ഉരുണ്ടുനീങ്ങി സിനേഷ് രക്ഷപ്പെടുകയായിരുന്നു. തകർത്ത ബൈക്കിനുസമീപം പത്ത് മിനിറ്റുനേരം നിലയുറപ്പിച്ച ആന, കുട്ടിക്കൊമ്പനൊപ്പം കാട്ടിലേക്ക് നീങ്ങി. വീഴ്ചയിൽ സിനേഷിന്റെ കാലിന് ചെറിയ പരിക്കേറ്റു. ആന പോയെന്ന് ഉറപ്പുവരുത്തിയശേഷം സഹപ്രവർത്തകരെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!