കണ്ണൂർ: അശാസ്ത്രീയമായ ചികിത്സ രീതികൾ പ്രമേഹരോഗത്തെ ഗുരുതരവും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലുമെത്തിക്കുമെന്ന് പ്രമേഹരോഗ വിദഗ്ധരുടെ രണ്ടാംപാദ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. 2045ഓടെ ലോകത്തെ രോഗികളുടെ എണ്ണം 745 ദശ ലക്ഷം കടക്കുമെന്ന് ഇന്റർനാഷനൽ ഡയബെറ്റിക് ഫെഡറേഷൻ കണക്കാക്കുന്നു.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ ബാധിതർ ഉള്ളത് കേരളത്തിലാണ്. പ്രമേഹ രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവൽകരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി അപകടകരമാണെന്ന് സമ്മേളനം വിലയിരുത്തി.
റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബെറ്റിസ് എന്ന പ്രമേഹ വിദഗ്ധരുടെ സംഘടനയുടെ രണ്ടാംപാദ സംസ്ഥാന സമ്മേളനം വർധിച്ചുവരുന്ന പ്രമേഹത്തിന്റെ കാരണങ്ങളും അതിന്റെ ചികിത്സാരംഗത്തെ പ്രതിസന്ധികളെയും പറ്റി വിശദമായി ചർച്ച ചെയ്തു.
സംസ്ഥാന ചെയർമാൻ ഡോ. ജി. വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. 1970കളിൽ സംസ്ഥാനത്ത് 2.5 ശതമാനം മാത്രമുണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണം ഇപ്പോൾ 20 ശതമാനമായി വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വർധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹമാണ്. തുടക്കത്തിലേ മൂത്രത്തിലെ അൽബുമിൻ പോലുള്ള ലളിതമായ ടെസ്റ്റുകളിലൂടെ ഇത് കണ്ടെത്താവുന്നതാണ്. പ്രമേഹത്തിന്റെ ഏറ്റവും പ്രധാന സങ്കീർണതയിലൊന്ന് വൃക്ക രോഗമാണെന്നും വൃക്ക രോഗവിദഗ്ധൻ ഡോ. സാരംഗ് വിജയൻ പറഞ്ഞു. ഗർഭകാലത്ത് സ്ത്രീകളിൽ കണ്ടു വരുന്ന പ്രമേഹത്തെപ്പറ്റി മംഗളൂരു കെ.എസ് ഹെഗ്ഡെ മെഡിക്കൽ കോളജിലെ ഡോ. അഖില ഭണ്ഡാർക്കർ പ്രബന്ധം അവതരിപ്പിച്ചു.
ഡോ.ജി. വിജയകുമാർ, പ്രമേഹ രോഗവിദഗ്ധൻ ഡോ. പി. സുരേഷ് കുമാർ, എൻഡോക്രൈനോളജിസ്റ്റ് ഡോ. പ്രശാന്ത് മാപ, ഡോ. എം.വി. വിമൽ, ഡോ. ആർ. ചാന്ദിനി, ഡോ. അരുൺ ശങ്കർ, ഡോ. സുനിൽ പ്രശോഭ്, ഡോ. രാജു ഗോപാൽ, ഡോ.എം. ഹനീഫ് എന്നിവർ സംസാരിച്ചു.
ഓർഗനൈസിങ് ചെയർമാൻ ഡോ. ബാലകൃഷ്ണൻ വള്ളിയോട്, സെക്രട്ടറി ഡോ. ആർ. അർജുൻ, ഡോള ജോ ജോർജ്, ഡോ. പ്രശാന്ത് മാപ്പ, മീഡിയ കൺവീനർ ഡോ. സുൽഫിക്കർ അലി എന്നിവർ നേതൃത്വം നൽകി.