കണ്ണൂർ: നവകേരള സദസ് നടക്കാനിരിക്കെ വേദിയിലേക്കുള്ള റോഡ് ധൃതിപ്പെട്ട് ടാറിങ് ചെയ്യുന്നതായി ആരോപണം. അഴീക്കോട് മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്ന വേദിയിലേക്കുള്ള ടാറിങ് യൂത്ത് ലീഗ് പ്രവർത്തർ തടഞ്ഞു. നിർമാണം നടക്കുന്ന റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.
ജല്‍ ജീവൻ മിഷന് വേണ്ടി പൊളിച്ച റോഡിന്റെ അറ്റകുറ്റപ്പണിയാണ് നടക്കുന്നതെന്ന് അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 21നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിൽ പങ്കെടുക്കാനായി അഴീക്കോട് മണ്ഡലത്തിൽ എത്തുന്നത്.
അതേസമയം, ജല്‍ ജീവൻ മിഷന് വേണ്ടി നിരവധി റോഡുകളും വെട്ടിപ്പൊളിച്ചിട്ടുണ്ടെന്നും എന്നാൽ, മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്കുള്ള റോഡ് മാത്രമാണ് തിരക്കിട്ട് നന്നാക്കിയതെന്നും ലീഗ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
റോഡുകൾ വെട്ടിപ്പൊളിച്ച വിവരം അധികൃതരെ അറിയിച്ചതാണ്. ജല്‍ ജീവൻ മിഷന് പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തത് കൊണ്ട് ജനങ്ങൾ വലിയ പ്രയാസം നേരിടുന്നതായും പ്രതിഷേധക്കാർ വ്യക്തമാക്കി.