Mon. May 20th, 2024

ബിജെപിക്ക് കനത്ത തിരിച്ചടി; നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു

By Kannur News Nov16,2023 #politics
ബിജെപിക്ക് കനത്ത തിരിച്ചടി; നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്‌ച മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടിയായി, നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു. ബിജെപി സംസ്‌ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്‌ഡിക്ക് രാജിക്കത്ത് ഔദ്യോഗികമായി കൈമാറി. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടതെന്നാണ് വിവരം.

അതേസമയം, രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വെച്ച് വിജയശാന്തി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. 2009ൽ ടിആർഎസിൽ നിന്ന് എംപിയായ വിജയശാന്തി 2014ലാണ് കോൺഗ്രസിലെത്തിയത്. പിന്നാലെ, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതോടെയാണ് വിജയശാന്തി ബിജെപിയിലെത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് മല്ലു രവി വിജയശാന്തിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേരാൻ തീരുമാനമായത്. മുൻ എംപി വിവേക് വെങ്കട്ട് സ്വാമി, മുൻ എംഎൽഎ കോമതിറെഡ്‌ഡി രാജഗോപാൽ റെഡ്‌ഡി എന്നിവർ ഈ അടുത്തകാലത്തായി ബിജെപി വിട്ടിരുന്നു. ഇവർക്കൊപ്പം വിജയശാന്തിയും ബിജെപി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ, ഇവർ രണ്ടുപേരും ബിജെപി വിട്ടപ്പോഴും വിജയശാന്തി പാർട്ടിയിൽ തുടർന്നിരുന്നു. എന്നാൽ, ബിജെപിയുടെ പ്രവർത്തനത്തിനുള്ള അതൃപ്‌തിയാണ് വിജയശാന്തിയെ രാജിയിലേക്ക് നയിച്ചത്. പാർട്ടിയുടെ രണ്ടു താരപ്രചാരകരുടെ പട്ടികയിൽ നിന്ന് വിജയശാന്തിയെ ഒഴിവാക്കിയതായും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റു നിഷേധിക്കപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!