ഇരിട്ടി: മാവോവാദികൾക്കായുള്ള തിരച്ചിൽ പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും ആഭിമുഖ്യത്തിൽ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിൽ മൂന്നാം ദിനവും തുടർന്നു. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മൂന്ന് ബറ്റാലിയൻ തണ്ടർബോൾട്ട് അംഗങ്ങളാണ് വനമേഖലയിൽ തിരച്ചിൽ നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
ടൗണിലടക്കം പൊലീസ് സാന്നിധ്യം ഉണ്ടെങ്കിലും പരിശോധനയിൽ അയവ് വരുത്തിയിട്ടുണ്ട്. ഇതോടെ രണ്ടു ദിവസമായി പരിഭ്രാന്തിയിലായിരുന്ന ജനങ്ങൾ പതിയെ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.
പൊലീസിനെ നേരിട്ട സംഘത്തിൽ എട്ടിൽ കൂടുതൽ മാവോവാദി അംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സംശയം. 24ന് നടക്കാനിരുന്ന മാവോവാദികളുടെ രഹസ്യ യോഗത്തിന് വിവിധ ദളങ്ങളിൽനിന്ന് എത്തിയവരും ഏറ്റുമുട്ടലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട ദിനമായ നവംബർ 24ന് ഞെട്ടിത്തോട് വനമേഖലയിൽ മാവോവാദികളുടെ രഹസ്യ യോഗം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഇതനുസരിച്ച് മാവോവാദികളുടെ നീക്കം പൊലീസ് രഹസ്യമായി നീരീക്ഷിച്ചുവരുകയായിരുന്നു.
മാവോവാദികൾക്ക് നേരെ നടത്തിയ ഓപറേഷൻ അതിവ രഹസ്യമായിരുന്നു. ലോക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വിവരങ്ങളും കൈമാറാതെയായിരുന്നു ഭീകരവാദ വിരുദ്ധ സേനയുടെ നീക്കം. വെടിവെപ്പ് നടന്ന ഉരുപ്പുംകുറ്റി മേഖലയിലെ പരിശോധനക്കും നിയന്ത്രണത്തിനും ലോക്കൽ പൊലീസിനെ ഒഴിവാക്കിയായിരുന്നു സ്പെഷൽ ഓപറേഷൻ നടത്തിയത്.
ആദ്യദിവസം വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് എത്താൻ കുറഞ്ഞത് മൂന്ന് മണിക്കൂർ കാൽനടയായി യാത്ര ചെയ്യണ്ടതുണ്ട്. എന്നാൽ ചൊവ്വാഴ്ച വെടിവെപ്പ് നടന്ന സ്ഥലത്തെത്താൻ ഒരു മണിക്കൂർ യാത്ര ചെയ്താൽ മതിയെന്നാണ് ലഭിക്കുന്ന വിവരം. തണ്ടർബോൾട്ട് അംഗങ്ങൾ മടങ്ങിയെന്ന ധാരണയിൽ തിരിച്ചെത്തിയ മാവോവാദികളുമായാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്.
ബുധനാഴ്ച തിരച്ചിലിനായി വനമേഖലയിലേക്ക് പോയ സേന വൈകീട്ടോടെ കാടിറങ്ങി. തണ്ടർബോൾട്ട്, പൊലീസ് സേനയോടൊപ്പം കർണാടകയുടെ ഒരു സംഘം എ.എൻ.എഫ് സേനയും വെടിവെപ്പ് നടന്ന നെട്ടിത്തോട് വനമേഖലയിൽ എത്തിയിരുന്നു. സംഭവ സ്ഥലത്ത് ഉന്നത പോലീസ് സേനാംഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ബോംബ് സ്ക്വാഡ്, ഫോറൻസിക് സംഘവും പരിശോധനക്കായി സംഭവ സ്ഥലത്ത് എത്തിയിരുന്നു.