മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ഥാടക ഒത്തുചേരലിന് ഞായറാഴ്ച ഹജ്ജ് ക്യാമ്പ് സാക്ഷിയായി. തിങ്കളാഴ്ച പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ 722 തീർഥാടകരാണ് ക്യാമ്പില്‍ സംഗമിച്ചത്.
ഇത്തവണ വനിത ഹജ്ജ് തീര്‍ഥാടകര്‍ക്ക് അനുവദിച്ച പ്രത്യേക വിമാനത്തില്‍ പോകുന്നവരെ യാത്രയാക്കാന്‍ എത്തിയ കുടുംബാംഗങ്ങളെ കൊണ്ട് വിമാനത്താവളവും പരിസരവും വീര്‍പ്പുമുട്ടി. തിങ്കളാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുള്ള 722 പേർ ഞായറാഴ്ച രാവിലെയും ഉച്ചക്കുമായാണ് ക്യാമ്പിലെത്തിയത്. തിങ്കളാഴ്ച രാവിലെ 5.40ന് എസ്.വി 5635 നമ്പര്‍ വിമാനം പുറപ്പെടും. ഇതില്‍ 361 യാത്രക്കാരില്‍ 177 സ്ത്രീകളാണ്.
തിങ്കളാഴ്ച ഉച്ചക്ക് 1.10ന് പുറപ്പെടുന്ന സ്ത്രീകള്‍ക്ക് മാത്രമായുള്ള എസ്.വി 5695 നമ്പര്‍ വിമാനത്തില്‍ 361 പേരാണ്. രാവിലെയും ഉച്ചക്കുമായി തിങ്കളാഴ്ച പുറപ്പെടുന്നവരില്‍ 538 സ്ത്രീകളാണ്. സ്ത്രീകളുടെ മാത്രം വിമാനത്തില്‍ യാത്രയാവുന്നവര്ക്കുള്ള യാത്രരേഖകള്‍ വനിത വളൻറിയര്‍മാരും വനിത സെല്‍ ഉദ്യോഗസ്ഥരുമാണ് വിതരണം ചെയ്തത്. ഞായറാഴ്ച രാവിലെ 10 മുതല്‍ തീര്‍ഥാടകര്‍ ക്യാമ്പിലെത്തിയിരുന്നു. ഇവരെ വരവേല്‍ക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
75ഓളം സ്ത്രീവളൻറിയര്മാര് ഉള്‍പ്പെടെ 150 വളന്റിയര്‍മാരും സ്വാഗതസംഘം സബ് കമ്മിറ്റികളും സജീവമായി സേവനനിരതരായി.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.ടി. സഅദുല്ല, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബര്‍, ക്യാമ്പ് കണ്‍വീനര്‍മാരായ നാസര്‍ അതിരകം, സി.കെ. സുബൈര്‍ ഹാജി തുടങ്ങിയവര്‍ അതിഥികളെ സ്വീകരിച്ചു.